പ്രതീകാത്മക ചിത്രം
മലപ്പുറം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ കർഷകരുടെയും തദേശവാസികളുടെയും ആശങ്ക പരിഹരിച്ചശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂവെന്ന് കിസാൻ ജനത ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ 131 വില്ലേജുകളിൽ മലപ്പുറം ജില്ലയിലെ 11 വില്ലേജുകൾ ഇതിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിജ്ഞാപനം അന്തിമമാകുന്നതോടെ കൃഷി, നിർമാണം, വ്യവസായം തുടങ്ങിയ മേഖലകളിൽ നിയന്ത്രണങ്ങൾ വരുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും ഇതിന്റെ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണം. പ്രദേശത്തിന്റെ കൃത്യമായ അതിർത്തി നിർണയിച്ച് സർവേ നന്പർ, ബ്ലോക്ക് നന്പർ, വനമേഖല, സംരക്ഷിത പ്രദേശം, വിസ്തീർണം എന്നിവ ഉൾപ്പെടുത്തിയ കഡസ്ട്രൽ മാപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.
131 വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റർ വനമേഖല എന്ന കണക്കിലെ പിശകുകൾ പരിശോധിച്ച് ഓരോ വില്ലേജിലെയും യഥാർഥ വനവിസ്തൃതി പ്രസിദ്ധീകരിക്കണം. വീടുകൾ, കൃഷിഭൂമികൾ, പരന്പരാഗത തോട്ടങ്ങൾ, പട്ടണങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി ആവശ്യമായിടത്ത് പരിശോധന നടത്തണം.
എല്ലാ രേഖകളും മാപ്പുകളും പ്രസിദ്ധീകരിച്ച് ജനങ്ങൾക്ക് ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ സമയം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സി. സൈതലവി അധ്യക്ഷത വഹിച്ചു. ഒ.പി ഇസ്മായിൽ, എൻ.പി. മോഹൻരാജ്, മാനുവൽകുട്ടി മണിമല, സുനിൽ ജേക്കബ് കടമപ്പുഴ, ചന്ദ്രൻ നീലാന്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Farmers' concerns NattuVishasham DistrictNews