പാതാളക്കുഴിയായി മാറിയ എടത്വ-പുതുക്കരി-മാന്പുഴക്കരി റോഡ്.
രാമങ്കരി: മഴ ശക്തിപ്പെട്ടതോടെ എടത്വ-പുതുക്കരി- മാന്പുഴക്കരി റോഡ് വീണ്ടും ചെളിക്കുളമായി. മാന്പുഴക്കരി മുതൽ എടത്വ വരെ ഏഴര കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിൽ കളങ്ങര മുതൽ മാന്പുഴക്കരി പാലത്തിനുതാഴെ വരെ വരുന്ന വിവിധ ഭാഗങ്ങളിലാണ് വലിയ പാതാളക്കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. അതിനാൽ സൈക്കിൾ യാത്രാക്കാരായ സ്കൂൾ വിദ്യാർഥികളും ഇരുചക്രവാഹനയാത്രക്കാരും അപകടത്തിൽപ്പെടു ന്നത് നിത്യസംഭവമാണ്.
ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാൽ റോഡിലെ കുഴികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എടത്വ, തലവടി, മുട്ടാർ, രാമങ്കരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് 2018ലെയും 19ലെയും വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഈ വിധം തകർന്നത്. ഓരോ മഴക്കാലത്തും മാധ്യമങ്ങളിൽ വാർത്ത നിറയുന്നതിനാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നവണ്ണം അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമാണ് അധികാരികൾ പലപ്പോഴും തയാറായിട്ടുള്ളത്.
വീയപുരത്തുനിന്ന് ആരംഭിച്ച് എടത്വ, പുതുക്കരി, മാന്പുഴക്കരി, കിടങ്ങറ, വാലടി വഴി മുളയ്ക്കാംതുരുത്തിയിലെത്തുന്ന മൊത്തത്തിൽ 21.5 കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിന്റെ നവീകരണത്തിനായി റീബിൽഡ് കേരള ഇനിഷേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി 132 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വേനലിന് ആരംഭിച്ച നിർമാണ ജോലികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല.
ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും തിരുവല്ല-അന്പലപ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കളങ്ങര യുവതാര വായനശാലയ്ക്കും പുതുക്കരി ജംഗ്ഷനു സമീപവുമായി വേണ്ടത്ര ഉയരമില്ലാത്തതിനാൽ പലസ്ഥലത്തും മഴക്കാലത്ത് വെള്ളം കയറി യാത്ര തടസപ്പെടുന്ന സ്ഥിതിയാണ്.
ഇത്തരം സ്ഥലങ്ങളെല്ലാം ആവശ്യത്തിന് മണ്ണിട്ടുയർത്താനും പുനർനിർമാണജോലികൾ എത്രയും വേഗം പൂർത്തീകരിക്കാനും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഇരുവശത്തും പുരോഗമിക്കുന്ന കല്ലുകെട്ടിനെക്കുറിച്ചും ആക്ഷേപം ശക്തമാണ്.