പാവറട്ടി: പഞ്ചായത്തിലെ ഒന്നാം വാർഡായ മരുതയൂരിൽ കുറുനരി ആക്രമണത്തിൽ എട്ടുപേർക്കു കടിയേറ്റു. നാലു പക്ഷികൾക്കും വളർത്തുനായയ്ക്കും കടിയേറ്റിട്ടുണ്ട്.
തോഞ്ചൻ വീട്ടിൽ ശോഭന (60), വടാശേരി വീട്ടിൽ രമണി(70), തങ്കമണി (60), അമ്പാടി വീട്ടിൽ സുമതി, അമ്പാടി അനിൽ ( 50), കരിമ്പുള്ളി രമ (55), രണ്ട് അതിഥിതൊഴിലാളികൾ എന്നിവർക്കാണു കടിയേറ്റത്. പരിക്കേറ്റവരെ ആദ്യം മുല്ലശേരി ബ്ലോക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിനുള്ളിലേക്ക് ഓടി കയറിയാണ് കുറുനരി ആക്രമിച്ചത്.
നാട്ടുകാർക്കു സംരക്ഷണം ഒരുക്കണമെന്നും പെരുകുന്ന വന്യജീവികളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യ പ്പെട്ടു. ജനപ്രതിനിധികളായ എം.കെ. അനിൽകുമാർ, സരിത രാജീവ് എന്നിവർ പഞ്ചായത്ത്, പോലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കു പരാതി നൽകി. പ്രദേശത്ത് ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
Tags : nattu vishesham Eight people fox attack