തൊടുപുഴ: കരിങ്കുന്നം നെടിയശാല ചെള്ളല്‍ ഭാഗത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടാപ്പാറ പരേതനായ കുമാരന്റെ ഭാര്യ പദ്മാവതിയെയാണ് (72) വീട്ടിലെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 6.50ന് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്നു ജോലികഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്.
ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പദ്മാവതിയുടെ മുഖത്ത് മുണ്ട് ചുറ്റിയ നിലയിലായിരുന്നെന്നും കൂടാതെ ഇവര്‍ കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടു പവന്റെ സ്വര്‍ണമാല കാണാനില്ലെന്നും മകന് പൊലിസിനു മൊഴി നല്കി. എന്നാല്‍ വീഴ്ചയില്‍ തലക്കേറ്റ പരിക്കും ഹൃദയാഘാതവുമാണ് മരണകാരണമെന്നും മരണത്തില്‍ അസ്വഭാവികതയില്ലെന്നും ഇടുക്കി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസ് പറഞ്ഞു.
മാല കാണാനില്ലെന്ന മകന്റെ മൊഴിയില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: ശരത്, സൗമ്യ മരുമക്കള്‍: അതുല്യ, സദന്.
Tags : Nattuvishesham Districtnews Deepikanews Elderly woman f