ഏനാത്ത് ബസ് ബേയിൽ അടഞ്ഞുകിടക്കുന്ന ടേക്ക് എ ബ്രേക്ക്.
അടൂര്‍: ലക്ഷങ്ങള്‍ മുടക്കി പണിത പൊതു ശൗചാലയങ്ങള്‍ ഉപയോഗയോഗ്യമല്ല. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലും തദ്ദേശ സ്ഥാപന പദ്ധതികളിലുമായി ശൗചാലയങ്ങളുടെ നിര്‍മാണത്തിനായി വന്‍ തുകയാണ് ചെലവഴിച്ചിരിക്കുന്നത്. ബസ് സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ ഇവയോടു ചേര്‍ന്നു നിര്‍മിച്ച ശൗചാലയങ്ങളിലേറെയും ഇപ്പോഴും ഉപയോഗയോഗ്യമല്ല.
ജില്ലയിലെ പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളില്‍ പലയിടത്തും ഇപ്പോഴും പ്രാഥമികാവശ്യങ്ങള്‍ക്കു സൗകര്യമില്ലാത്ത സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ചിലയിടങ്ങളില്‍ മനോഹരമായ രീതിയില്‍ ശൗചാലയങ്ങള്‍ പണികഴിപ്പിച്ചെങ്കിലും ഇതുപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ശൗചാലയങ്ങളുടെ നടത്തിപ്പ് ചുമതല. വെള്ളവും വൈദ്യുതിയുമൊക്കെ നല്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ഇവയുടെ നടത്തിപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുകയാണ് രീതി. എന്നാല്‍, പല തദ്ദേശ സ്ഥാപനങ്ങളും ശൗചാലയങ്ങളുടെ നടത്തിപ്പ് ചുമതലയില്‍നിന്നു പിന്മാറിയ മട്ടാണ്.
ഇ ടോയ്ലറ്റ് മുതല്‍ വഴിയിടം വരെ പത്തനംതിട്ട ജില്ലയില്‍ 2010 - 15 കാലയളവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ ഇ ടോയ്ലറ്റ് സംവിധാനം തുടത്തില്തന്നെ ഏറെ വിവാദമായതാണ്. ജില്ലയിലെമ്പാടും 33 ഇ ടോയ്ലറ്റുകളാണ് ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതിന്റെ നടത്തിപ്പ് ചുമതലയില്‍ ഗ്രാമപഞ്ചായത്തുകള്‍ താത്പര്യം കാട്ടാതെ വന്നതോടെ പദ്ധതി പാളുകയായിരുന്നു.
കോടിക്കണക്കിനു രൂപയാണ് പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്. ഇ ടോയ്്ലറ്റ് സ്ഥാപിച്ച കമ്പനിയും ഇതിന്റെ പ്രവര്‍ത്തനത്തില്‍നിന്നു പിന്മാറുകയായിരുന്നു. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്പ്പെടുത്തിയെന്നല്ലാതെ നഷ്ടപരിഹാരം ഈടാക്കാനാവശ്യമായ യാതൊരു നടപടിയും ഉണ്ടായില്ല. അനാഥപ്രേതം കണക്കെ ഇ ടോയ്ലറ്റുകള് വര്‍ഷങ്ങളോളം തുരുമ്പെടുത്തു കിടന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വഴിയിടം പദ്ധതിക്കും പലയിടത്തും സമാനമായ സ്ഥിതിയാണുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം നല്കി തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ് വഴിയിടങ്ങള്‍ നിര്‍മിച്ചത്.
പൊതു ഇടങ്ങളില്‍ സ്ഥാപിച്ച വഴിയിടത്തില്‍ പൊതുശൗചാലയത്തോടൊപ്പം കോഫി കഫേ, വിശ്രമകേന്ദ്രം അടങ്ങിയ സംവിധാനമാണ് വിഭാവനം ചെയ്തത്. ഇന്നിപ്പോള്‍ ഏതാനും തദ്ദശസ്ഥാപനങ്ങളില്‍ മാത്രമാണ് വഴിയിടം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. പല പഞ്ചായത്തുകളിലും നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായിക്കിടക്കുകയാണ്.
ഏനാത്ത് ടേക്ക് എ ബ്രേക്ക് വഴിയാധാരം
ഏനാത്ത് ടൗണില്‍ വിവിധ ഇടങ്ങളില്‍ പണിത ശൗചാലയങ്ങളാണ് നശിക്കുന്നത്. ഏഴംകുളം പഞ്ചായത്തിലെ പ്രധാന ടൗണായിട്ടും ഏനാത്ത് പൊതു ശൗചാലയങ്ങളുടെ കാര്യത്തില്‍ അഭാവം നേരിടുന്നുണ്ട്. മണ്ണടി റോഡ് വശത്തുള്ള ഒന്നു മാത്രമാണ് നിലവില്‍ ഉപയോഗിക്കാനാവുന്നത്. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത്, ശുചിത്വ മിഷന് തുടങ്ങിയവയുടെ പദ്ധതികള്‍ പ്രകാരം പണിത മൂന്നു ശൗചാലയങ്ങളാണ് നിലവില്‍ ഉപയോഗരഹിതമായിക്കിടക്കുന്നത്.
ചന്ത, ബസ് ബേ, സാംസ്കാരിക നിലയം എന്നിവിടങ്ങളിലായിട്ടാണ് ഇവയുള്ളത്. സാംസ്കാരിക നിലയത്തിന് സമീപത്തെ ശൗചാലയം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഏഴു വര്‍ഷം മുന്‍പ് പണിതതാണ്. വില്ലേജ് ഓഫീസ്, ഗവ. ഹോമിയോ ആശുപത്രി, വിപണി തുടങ്ങിയവയൊക്കെ പ്രവര്‍ത്തിക്കുന്നതിന് സമീപമാണ് ഈ ശൗചാലയം.
പഞ്ചായത്തിന്റെ ചന്തയിലെ ശൗചാലയും വലിയ കാലപ്പഴക്കമുള്ളതല്ല. വെള്ളവും വൈദ്യുതിയും കൃത്യമായി ലഭിക്കാത്തതിനാലും അറ്റകുറ്റപ്പണികള്‍ നടത്താതെയുമാണ് ഇവ നശിച്ചത്.
ഏനാത്ത് ബസ് ബേയിലെ സാനിറ്ററി കോംപ്ലക്സ് 16 വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് പണിതതാണ്. ഏഴംകുളം പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്കായി പ്രവര്‍ത്തിച്ച ഇവിടം അറ്റകുറ്റപ്പണികളില്ലാതെ അടഞ്ഞുകിടക്കുകയാണ്. ഉള്‍വശം ആകെ നാശമായ അവസ്ഥയിലാണിപ്പോള്‍.
Tags : Nattuvishesham Districtnews Deepikanews