രാജമ്മ
പത്തനാപുരം: കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പത്തനാപുരം കടശേരി ഉമ്മന്നൂരിലുണ്ടായ സംഭവത്തിൽ പത്തനാപുരം പുന്നല കടശേരി സ്വദേശി രാജമ്മ (81) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിന്
കടശേരി ഉമ്മന്നൂരിലായിരുന്നു സംഭവം.
തൊഴിലിറപ്പ് ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ആനയെ കണ്ട് മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യം കാരണം രാജമ്മയ്ക്ക് ഒഴിഞ്ഞുമാറാനായില്ല. കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനത്തോട് ചേർന്ന ഭാഗമാണിത്. ഇവിടെ കാട്ടാന ആക്രമണം രൂക്ഷമാണെന്നും പരാതി നൽകിയിട്ട് അധികൃതർ യാതൊരു നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു.