കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്ര ദുരിതമാകുന്നു. വൈകുന്നേരത്തെ എറണാകുളം - കോട്ടയം ട്രെയിന്‍ യാത്രയിലെ ദുരിതത്തിന് പരിഹാരം ആഗ്രഹിച്ച് യാത്രക്കാര്‍. ശ്വാസംമുട്ടിയും വാതില്പ്പടിയില്നിന്നുള്ള നരകയാത്രയുടെ ദുരിതത്തിലാണ് യാത്രക്കാര്‍.
ഉച്ചയ്ക്ക് പരശുറാം കടന്നുപോയാല്‍ മൂന്നുമണിക്കൂര്‍ ഇടവേളയിലാണ് അടുത്ത സര്‍വീസായ വേണാട് എത്തുന്നത്. വടക്കുനിന്നു തിങ്ങിനിറഞ്ഞെത്തുന്ന ട്രെയിനിലേക്ക് തൃപ്പൂണിത്തുറയില്നിന്നുള്പ്പടെ യാത്രക്കാര്‍ ഇരച്ചുകയറുകയാണ്. മെട്രോയില്‍ വരുന്ന യാത്രക്കാര്‍ തൃപ്പൂണിത്തുറയില്‍ എത്തിയാണ് ട്രെയിനില്‍ കയറുന്നത്.
ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചവിട്ടുപടിയില്‍ തൂങ്ങിക്കിടന്ന് അപകടകരമായ സാഹചര്യത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍നിന്നു വൈകുന്നേരം ട്രെയിനുകള്‍ പുറപ്പെടുന്നത്. പ്ലാറ്റ്ഫോമിലെ തിരക്ക് നിയന്ത്രിക്കാന്‍ വൈകുന്നേരങ്ങളില്‍ റെയില്‍വേ പൊലിസിനെ നിയോഗിച്ചിരുന്നു. അതൊന്നും തിരക്കിന് പരിഹാരമാകുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിച്ചു.
തിരക്കുമൂലം സ്ത്രീകളും വിദ്യാര്‍ഥികളും പ്രായമായവരും അടക്കം ട്രെയിനില്‍ കയറിപ്പറ്റാനാവാതെ മടങ്ങിപ്പോകുന്നത് പതിവാണ്. ബസ് ആശ്രയിക്കേണ്ടി വരുമ്പോള്‍ സമയ നഷ്ടമേറെയുണ്ടാകുന്നു. തൃപ്പൂണിത്തുറയില്‍ വാതില്‍പ്പടി വരെ നിറഞ്ഞെത്തുന്ന വേണാടില്‍ ഇരുവശത്തുനിന്നും യാത്രക്കാര്‍ ഇടിച്ചു കയറുകയാണ്.
ശ്വാസം പോലും കിട്ടാതെ തിങ്ങിനിറഞ്ഞ കോച്ചുകളില്‍നിന്ന് പിന്നീട് ഇറങ്ങാന്‍ പോലും കഴിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. വൈകുന്നേരം വേണാടിന് മുമ്പ് കൊല്ലത്തേക്ക് ഒരു സര്‍വീസ് വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.
ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കായംകുളം മുതല്‍ എറണാകുളം വരെയുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ സംഘടിച്ച് സ്റ്റേഷന് മാസ്റ്റര്‍ക്കു നിവേദനം നല്‍കുകയായിരുന്നു.
പരിഹാരമാകാത്ത പക്ഷം വരുംദിവസങ്ങളില്‍ തുടര്‍സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഫ്രണ്ട് സ് ഓണ്‍ റെയില്‍സ് അറിയിച്ചു.