ളാക്കാട്ടൂർ സ്കൂൾ ഒരു രേഖാ ചിത്രം.
കൂരോപ്പട: ളാക്കാട്ടൂരിന് തിലകക്കുറിയായി മഹാത്മാ ഗാന്ധിയുടെ ഓർമയിൽ തിളങ്ങുന്ന ഒരു സ്കൂൾ. മഹാത്മാ ഗാന്ധി മെമ്മോറിയൽ എൻഎസ്എസ് എച്ച്എസ്എസ്.
കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ 231-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ചുമതലയിൽ 78 വർഷങ്ങൾക്കു മുന്പ് 1948ലാണ് ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതാവും രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധിയുടെ പേരിലാകണം പുതിയ വിദ്യാലയമെന്ന സ്ഥാപകരുടെ തീരുമാനമാണ് സ്കൂളിന്റെ പേരിൽ ‘ഗാന്ധിജി ’ എത്തിയത്. അഞ്ചാം ക്ലാസിൽ 27 കുട്ടികളെ ചേർത്താണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. മലമേൽ എം.കെ. രാമൻ നായർ ബിഎ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. തിരുവഞ്ചൂർ സി.ആർ. ഗോവിന്ദപിള്ള, പി.എൻ. നീലകണ്ഠപിള്ള എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ.
ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മിഡിൽ സ്കൂൾ 1964ൽ ഹൈസ്കൂളായി ഉയർത്തി. 1979 വരെ കൂരോപ്പട പഞ്ചായത്തിലെ ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. 1991-ൽ ഹയർസെക്കൻഡറി വിഭാഗവും ഈ സ്കൂളിന് അനുവദിച്ചുകിട്ടി. ആ വർഷം സ്വകാര്യമേഖലയിൽ അനുവദിക്കപ്പെട്ട 34 ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒന്നാണ് ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. കലോത്സവങ്ങൾ തുടർച്ചയായി ഓവറോൾ കിരീടങ്ങളുടെ കപ്പുയർത്തിയും ഗാന്ധിജിയുടെ പേര് ഉയർത്തി.
1997-98 വർഷം സുവർണ ജൂബിലി ആഘോഷിച്ചു. നിലവിൽ ആർ. രാമചന്ദ്രൻ നായരാണ് മാനേജർ. പ്രിൻസിപ്പൽമാരായി സ്വപ്ന ബി. നായരും, കെ.കെ. ഗോപകുമാറും.