മാണി സി. കാപ്പന്റെ പര്യടനവും റോഡ് ഷോയും
പാലാ: യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഉയര്‍ത്തി പാലാ നഗരസഭയില്‍ മാണി സി. കാപ്പന്റെ മണ്ഡലപര്യടനവും റോഡ് ഷോയും. വൈകുന്നേരം മരിയന്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടനം 14 പോയിന്റുകളിലെ സ്വീകരണം ഏറ്റുവാങ്ങി പന്ത്രണ്ടാം മൈലില്‍ സമാപിച്ചു. തുടര്‍ന്ന് കൊട്ടാരമറ്റത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു.
യുഡിഎഫ് അധികാരത്തില്‍ വരുന്നതോടെ പാലായില്‍ സ്വപ്ന തുല്യമായ വികസനം ഒരുക്കുമെന്ന് വോട്ടര്‍മാരെ അഭിസംബോധന ചെയ്ത മാണി സി. കാപ്പന് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് 250 കോടി രൂപയുടെ വികസനം നിയോജകമണ്ഡലത്തില്‍ എത്തിച്ചതെന്നും ഇതിന്റെ പത്തിരട്ടി വികസനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിൽ പാലായ്ക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യുഡിഎഫ് നേതാക്കളായ ബിജു പുന്നത്താനം, പ്രഫ.സതീശ് ചൊള്ളാനി, ദിയ ബിനു, കുര്യാക്കോസ് പടവന്, സി.ടി. രാജന്, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, ആര്. സജീവ്, ജോബി കുറ്റിക്കാട്ട്, സലിം പി മാത്യു, ജോഷി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കായിക ആധിപത്യം പുനഃസ്ഥാപിക്കുമെന്നും ഓപ്പണ്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, ഒളിമ്പിക്സ് ലഷ്യമാക്കി കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവ പാലായില്‍ നടപ്പിലാക്കുമെന്നും പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ദേശീയ കായിക വേദി സംഘടിപ്പിച്ച കായിക താരങ്ങളുടെ യോഗത്തില്‍ മാണി സി. കാപ്പന് പറഞ്ഞു.
വി.സി പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ബിജു പുന്നത്താനം യോഗം ഉദ്ഘാടനം ചെയ്തു. സന്തോഷ് മണര്‍കാട്ട്, ബിനു പുളിക്കകണ്ടം, ജിമ്മി താഴത്ത്, വി.സി. അലക്സ്, സുരേഷ് ബാബു, ജോയ് പാലത്തു, വി.സി. ജെയിംസ്, ബിനു എന്നിവര്‍ പ്രസംഗിച്ചു.
എല്‍ഡിഎഫിന്റെ പ്രകടനപത്രിക നടപ്പാക്കാനുള്ളത്: എം.എ. ബേബി
പാലാ: യുഡിഎഫും എന്‍ഡിഎയും പുറത്തിറക്കിയ പ്രകടനപത്രിക വെറും പ്രചാരണ പത്രികയാണെന്നും അവർ അതിനെ പ്രചാരണ ഉപാധിയായി മാത്രമേ കാണുന്നുള്ളൂവെന്നും എന്നാല്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രിക പ്രവര്ത്തനപത്രികയും അത് നടപ്പാക്കാനുള്ളതുമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി.
പാലാ ഇടനാട് പേണ്ടാനംവയലില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ഇടതുപക്ഷം എന്നും ഉറച്ചുനില്‍ക്കുന്നത്.
ന്യൂനപക്ഷത്തെ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഫ്സിആര്‍എ ബില്‍.
എവിടെ അനീതി നടന്നാലും അവിടെ ഓടിയെത്തി അതിനെതിരെ പ്രതികരിക്കുന്ന നേതാവാണ് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍, അവിടം സന്ദര്‍ശിക്കാന്‍ പോയ ഇടതുപക്ഷ എംപിമാരുടെ മുന്‍നിരയില്‍ ജോസ് കെ. മാണിയുണ്ടായിരുന്നു. അദ്ദേഹത്തിനുവേണ്ടി വോട്ട് ചോദിക്കാന്‍ കഴിയുന്നത് തന്റെ രാഷ്ട്രീയജീവിതത്തിലെ സുപ്രധാനമായ നടപടിയാണെന്നും എം.എ. ബേബി പറഞ്ഞു.
യോഗത്തില്‍ ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, പ്രാഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബാബു കെ.ജോര്‍ജ്, ടോബിന് കെ.അലക്സ്, എം.ടി. സജി, പി.കെ. ഷാജകുമാര്‍, ജോസ് ടോം, ബേബി ഉഴുത്തുവാല്‍, പെണ്ണമ്മ ജോസഫ്, നിമ്മി ടിങ്കിള്‍ രാജ്, സീനാ ജോണ്‍, വത്സമ്മ തങ്കച്ചന്, അനസ്യാ രാമന്, പുഷ്പാ ചന്ദ്രന്, ടി.കെ.ശ്യാമളകുമാരി എന്നിവര്‍ പ്രസംഗിച്ചു.
വളരുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി: ഷോണ്‍ ജോര്‍ജ്
പാലാ: രാജ്യത്ത് വളരുന്ന ഒരേ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടിയാണെന്നും പത്ത് വര്‍ഷം മുമ്പ് ബിജെപിയോട് ഉണ്ടായിരുന്ന മനോഭാവമല്ല ഇന്ന് ആളുകള്‍ക്ക് ഉള്ളതെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ്. എലിക്കുളം പഞ്ചായത്തിലെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോണ്‍.
പാലായെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്ക് വയ്ക്കുക മാത്രമല്ല താന്‍ ചെയ്തത്. മറിച്ച് എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും വ്യക്തമായി ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിലധികമായി ഈ രാജ്യത്ത് നരേന്ദ്രമോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി നിരവധി ആളുകളാണ് ബിജെപിയിലേക്ക് എത്തിയിട്ടുള്ളത്. പാലായില്‍ അതിന്റെ ശക്തമായ തരംഗം ഉണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് മനസിലാകുമെന്നും ഷോണ്‍ പറഞ്ഞു.
ഇന്നലെ തച്ചപ്പുഴയില്‍ നിന്ന് ആരംഭിച്ച പര്യടനം പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് പ്രാവിന്കൂട് ജംഗ്ഷന് സമീപം അവസാനിപ്പിച്ചു. ശേഷിക്കുന്ന പര്യടനം തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി ബിജെപി നിയോജക മണ്ഡലം നേതൃത്വം അറിയിച്ചു.
Tags : Election fever heating up