മേപ്പാടി: മേപ്പാടി-മുട്ടിൽ റോഡിൽ പലയിടത്തായി റോഡിലേക്ക് കയറി നിൽക്കുന്ന വൈദ്യുതി കാലുകൾ ഗതാഗത തടസവും വാഹനക്കുരുക്കുമുണ്ടാക്കുന്നതായി പരാതി ഉയർന്നു.
ജൽ ജീവൻ മിഷൻ പദ്ധതി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡിന്റെ വശങ്ങളിൽ ചാലുകൾ കുഴിക്കുകയും റോഡ് പലയിടത്തും മുറിക്കുകയും ചെയ്തിരുന്നു. ഇതു മൂലം റോഡ് പല ഭാഗത്തും ഇടിഞ്ഞു താഴുകയും വാഹനാപകടങ്ങൾക്ക് കാരണമാവുകയും ചെയ്തു. അതിന് പുറമെ റോഡ് വീതി കൂട്ടി റീ ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു.
റോഡിന് സംരക്ഷണഭിത്തി, ഡ്രൈനേജ്, കൾവെർട്ടുകൾ എന്നിവയുടെ പ്രവൃത്തികളും നടന്നു വരികയാണ്. സംരക്ഷണ ഭിത്തി നിർമിച്ച് കഴിഞ്ഞപ്പോൾ റോഡിന് വീതി കൂടുകയും അതുകൊണ്ടുതന്നെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന വൈദ്യുത പോസ്റ്റുകൾ റോഡിന്റെ മധ്യഭാഗത്തായിത്തീരുകയും ചെയ്തിട്ടുണ്ട്. പൊതുവെ വാഹന ഗതാഗതം ക്ലേശകരമായിട്ടുള്ള റോഡിൽ വാഹനത്തിരക്ക് മൂലം ഗതാഗതക്കുരുക്കുണ്ടാകുന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിന് സാങ്കേതിക കാരണങ്ങളാൽ താമസം നേരിടുന്ന സ്ഥിതിയുണ്ട്. ഇതിനുള്ള ഫീസ് പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിയിൽ അടയ്ക്കേണ്ടതായിവരും. റോഡ് പൊളിച്ചതിന്റെ ഫൈൻ ജൽ ജീവൻ മിഷൻ പദ്ധതിയിൽ നിന്ന് പൊതു മരാമത്ത് വകുപ്പിന് നൽകുകയും വേണം. പ്രവൃത്തികൾ തുടങ്ങുന്നതിനു മുന്പ് വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് തടസങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്. കാലതാമസം ഒഴിവാക്കി പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
Tags : nattu vishesham Electric vehicles parked forced to park