മറ്റം: അപകടക്കെണിയായി മാറിയ വൈദ്യുതപോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന് പഞ്ചായത്തംഗം ആവശ്യം ഉന്നയിച്ചെങ്കിലും വൈദ്യുതി ബോർഡ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മൂലമറ്റം-വാഗമൺ റോഡിൽ ഇടാട്-പെരിങ്ങാട് ഭാഗത്താണ് റോഡിലേക്കിറക്കി പോസ്റ്റ് സ്ഥാപിച്ചത്. ഇതു ഗതാഗത തടസം സൃഷ്ടിക്കുന്നതായി അധികൃതരെ അറിയിച്ചിരുന്നു. പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന് വാർഡംഗം പുഷ്പകുമാർ മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയറെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.
അപകടം ഉണ്ടായാൽ പോസ്റ്റ് മാറ്റിസ്ഥാപിക്കാമെന്ന നിലപാടിലാണ്അധികൃതർ. 11 കെ വി ലൈൻ കേബിളാക്കാനാണ് കൊടും വളവും വീതി കുറഞ്ഞതുമായ ഭാഗത്ത് പോസ്റ്റ് സ്ഥാപിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ, പുള്ളിക്കാനം, കുരിശുമല, തങ്ങളുപാറ, തേക്കടി, കുമളി, തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതിനുപുറമേ സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. സമീപത്തുതന്നെ കെ-ഫോണിന്റെ പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട് പൊതുവേ വീതി കുറഞ്ഞതും വളവുകളുമുള്ള റോഡാണിത്. അതിനാൽ എത്രയും വേഗം പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.