തലവടി മരങ്ങാട്ടുമഠം കലുങ്ക് - മുണ്ടുകാട്ടുപടി റോഡിന്റെ മദ്ധ്യേ നിൽക്കുന്ന കെഎസ്ഇബി എടത്വ സെക്ഷന്റെ ഇലക്ട്രിക് പോസ്റ്റ്.
എടത്വ: വഴിമുടക്കിയായി റോഡിന് മദ്ധ്യേ വൈദ്യുതി പോസ്റ്റ്. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മരങ്ങാട്ടുമഠം കലുങ്ക് - മുണ്ടുകാട്ടുപടി റോഡിന്റെ മധ്യേയാണ് കെഎസ്ഇബി എടത്വ സെക്ഷന്റെ ഇലക്ട്രിക് പോസ്റ്റ് നില്‍ക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഒഴിച്ചുള്ള മറ്റ് വാഹനങ്ങള്‍ക്ക് പോസ്റ്റ് തടസമായി നില്‍ക്കുകയാണ്.
ഇരുചക്ര വാഹനത്തില്‍ എത്തുന്നവരും സൂക്ഷിച്ചില്ലെങ്കില്‍ പോസ്റ്റിലിടിക്കും.
ഈ റോഡ് ആശ്രയിച്ചു ജീവിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. അപകടഘട്ടത്തിലോ അടിയന്തരമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കാനോ ഓട്ടോയോ ആംബുലന്‍സോ എത്താന്‍ കഴിയാത്ത അവസ്ഥയാണ്. രോഗികളെ കസേരയില്‍ ഇരുത്തി ചുമന്നുവേണം ആശുപത്രിയില്‍ എത്തിക്കാന്‍. പോസ്റ്റ് മാറ്റിയാല്‍ ഈ ഭാഗത്തേക്ക് നാല് ചക്ര വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയും. പ്രദേശവാസികള്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തലവടി പഞ്ചായത്തില്‍ തന്നെ മറ്റൊരു വാര്‍ഡില്‍ റോഡിന് വീതിക്കുറവായതിനാല്‍ ആംബുലന്‍സ് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നെഞ്ച് വേദന അനുഭവപ്പെട്ട മധ്യവയസന് വഴിമധ്യേ മരിച്ചിരുന്നു. സമാന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃത പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.