ഹരിതകർമ സേന ശേഖരിച്ച മാലിന്യം സൂക്ഷിച്ചിരിക്കുന്നു.
അടൂർ: ഏനാത്ത് ചന്ത പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിൽ. പ്രധാനമായും മത്സ്യവ്യാപാരമായിരുന്നു ഏനാത്ത് ചന്തയിൽ നടന്നിരുന്നത്.
കൃത്യമായ മേൽനോട്ടമോ നവീകരണ പ്രവർത്തനങ്ങളോ ഇല്ലാതെ ചന്ത ശോചനീയാവസ്ഥയിലായി. നിലവിൽ ഏനാത്ത് ടൗണിലെ മത്സ്യവ്യാപാരം പലയിടങ്ങളിലായാണ്. എന്നാൽ വീണ്ടും മത്സ്യവ്യാപാരം ചന്തയിലേക്ക് തിരികെ എത്തിക്കാനും കടകൾ പഴയതുപോലെ സജീവമാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. സൗകര്യങ്ങളില്ലാത്തതും മാലിന്യ പ്രശ്നവും കാരണം വ്യാപാരികൾ ഇതിനോടു മടി കാട്ടുകയാണ്.
മാലിന്യ സംസ്കരണമാണ് ചന്തയിലെ വലിയ പ്രശ്നം. ചന്തയിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും അതു കൃത്യമായി പ്രവർത്തിപ്പിക്കാനായില്ല. കംഫർട്ട് സ്റ്റേഷനുള്ളതും വെള്ളമില്ലാതെ ഉപയോഗശൂന്യമായി.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് വൈകുന്നേരങ്ങളിൽ ചന്തയിലെ ഷെഡിനുള്ളിലുണ്ടായിരുന്ന മത്സ്യവ്യാപാരികൾ റോഡരികിലേക്ക് മാറിയത്. വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഇടയ്ക്ക് കിണർ കുഴിച്ചു നോക്കിയിരുന്നു. എന്നാൽ മണ്ണിന് ഉറപ്പില്ലാത്തതിനാൽ ഇതു വിജയകരമായില്ല. വെള്ളം എത്തിക്കാനുള്ള മറ്റ് സാധ്യതകൾ തേടുന്നുണ്ടെന്നാണ് വിവരം. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം തരംതിരിക്കാൻ ചന്തയിൽ എത്തിച്ചു സൂക്ഷിക്കുന്നുണ്ട്.
ഏഴംകുളം പഞ്ചായത്ത് എംസിഎഫ് കേന്ദ്രത്തിനുവേണ്ടിയും ഇതോടനുബന്ധിച്ചു സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ലഭിച്ചാൽ മാലിന്യം മുഴുവനായും അങ്ങോട്ട് മാറ്റാനാണ് തീരുമാനം.ഇതോടെ ചന്തയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്.
Tags : Nattuvishesham Districtnews Enath Market