ജില്ലാ വികസന സമിതി യോഗം.
കല്‍പ്പറ്റ: പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ് സ്കോളര്‍ഷിപ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദേശിച്ചു.
ആധാര്‍ രജിസ്ട്രേഷനില്ലാത്ത സാഹചര്യത്തില്‍ ഇ-ഗ്രാന്റ് സ്കോളര്‍ഷിപ് ആനുകൂല്യം ലഭികാത്ത വിദ്യാര്‍ഥികള്‍ ജില്ലയില്‍ ഉണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് പട്ടികവര്‍ഗ വികസന അധികൃതരോട് കളക്ടര്‍ ആവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍ വരള്‍ച്ച പ്രതിരോധത്തിന് നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കാരാപ്പുഴ ഡാമില്‍നിന്നു പൈപ്പ് ലൈന്‍ മുഖേന വെള്ളം എത്തിക്കുന്ന പ്രവൃത്തി യുദ്ധകാലടിസ്ഥാനത്തില്‍ നടത്തണമെന്ന് എംപിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് ആവശ്യപ്പെട്ടു.
വനമേഖലയോട് ചേര്‍ന്നുള്ള ഊരുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടണമെന്ന് കൃഷി മന്ത്രിയുടെ പ്രതിനിധി വി.എ. മജീദ് നിര്‍ദേശിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ചക്കിണി ഊരില്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിക്കാവശ്യമായ വനഭൂമി ലഭ്യമാക്കുന്നതിന് പരിവേഷ് പോര്‍ട്ടലിലൂടെ ക്ലിയറന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ അറിയിച്ചു.
കടമാന്‍തോട് ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് ഡിപിആര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഭരണസമിതി അംഗങ്ങള്‍, പ്രദേശവാസികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരാന്‍ കാവേരി ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ആസൂത്രണ ഭവന് എപിജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എം. കമാലുദ്ദീന്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.