കത്തോലിക്ക കോൺഗ്രസ്
ചെറുതോണി: പശ്ചിമഘട്ട പരിസ്ഥിതിമേഖല പ്രഖ്യാപനം സംബന്ധിച്ചുള്ള കരട് വിജ്ഞാപനനിർദേശങ്ങൾ മലയോരത്തിനു മരണമണിയായി തീർന്നിരിക്കുകയാണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ. ഏഴാമത് കരട് വിജ്ഞാപന ത്തിനെതിരേ പരാതി അയയ്ക്കുവാനുള്ള സമയം മണിക്കൂറുകൾ മാത്രമാണെന്ന യാഥാർഥ്യം മനസിലാക്കി മുഴുവൻ മലയോര നിവാസികളും ഇന്നുതന്നെ പരാതി അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലയോര ജനതയുടെ നിലനിൽപ്പിനു നേരേ രൂപപ്പെട്ടിരിക്കുന്ന ഈ ദുരന്തത്തെ നേരിടുവാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവനാളുകളും മുഴുവൻ രാഷ്ട്രീയ പാർട്ടികളും കർഷകപ്രസ്ഥാനങ്ങളും ഒന്നിച്ച് അണിനിരക്കണം. നിർദിഷ്ട ഇഎസ്എ മേഖലയിലെ ജനങ്ങളുടെ ആശങ്കകളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണം. റവന്യു ഭൂമി വനഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്.
റവന്യൂ ഭൂമി വനഭൂമിയായി രേഖപ്പെടുത്തിയതും കേരളത്തിലെ ആകെ വന വിസ്തൃതി ഇഎസ്എ ബാധിതമായ 131 വില്ലേജുകളിൽ ഉൾപ്പെടുത്തപ്പെട്ടതും ഏറ്റവും വലിയ തെറ്റാണ്. സിഎച്ച്ആർ മേഖല വനമാണെന്ന അവകാശവാദം ഉന്നയിക്കുന്ന വനം വകുപ്പിന്റെ നിലപാട് തിരുത്താത്തിടത്തോളം കാലം അത് കർഷകരെ വളരെ ദോഷകരമായി ബാധിക്കും.
വനവിസ്തൃതി സംബന്ധിച്ച തെറ്റായ കണക്കുകളും സിഎച്ച്ആർ മേഖല വനമാണെന്ന നിലപാടും തിരുത്തിയാൽ മാത്രമേ ഇഎസ്എയുടെ ആഘാതത്തിൽനിന്നു മലയോരത്തെ ജനങ്ങളെയും അവരുടെ കൃഷിയിടങ്ങളെയും സംരക്ഷിക്കുവാൻ കഴിയുകയുള്ളു. ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തിയേക്കാവുന്ന ഈ വിജ്ഞാപനത്തിനെതിരേ അഭിപ്രായങ്ങളും പരാതികളും അയക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാവരും പരാതികൾ അയക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Catholic Congress