പ്രതീകാത്മക ചിത്രം
കോന്നി താലൂക്കിൽ: ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് വില്ലേജുകൾ.
റാന്നി താലൂക്കിൽ: വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകൾ.
പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ആശങ്ക. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്. റെഡ് സോണിൽ ഉൾപ്പെട്ട വില്ലേജുകളാണിവ. ഏഴാമത് വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ട വില്ലേജുകൾ പൂർണമായി റെഡ് സോണാണ്.
കൂടാതെ ഓറഞ്ച്, യെല്ലോ സോണുകളിലും പരിമിതമായ നിയന്ത്രണങ്ങളുണ്ടാകും. റെഡ് സോണിൽ ഉൾപ്പെട്ട വില്ലേജുകളിൽ കൃഷികളിൽ ഉൾപ്പെടെ നിയന്ത്രണമുണ്ടാകും. ഏതാനും വർഷങ്ങൾക്കുള്ളിൽ വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് വെറും കൈയോടെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ ഇത്തരം പ്രദേശങ്ങളിൽ ഉണ്ടാകുമോയെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. കഴിഞ്ഞ ആറുതവണയും പരാതികൾ കാരണം കരട് വിജ്ഞാപനം അന്തിമമാക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞിരുന്നില്ല. സെപ്റ്റംബർ 25നുള്ളിൽ പരാതികൾ അറിയിക്കണമെന്നാണു കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ നിർദേശം.
കരട് വിജ്ഞാപനം അന്തിമമായാൽ കൃഷി അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് കർഷകർ. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാനും നിയന്ത്രണങ്ങളുണ്ടാകും. വ്യാവസായികമായ ഒരു സംരംഭവും അനുവദിക്കില്ല. കെട്ടിടം നിർമാണത്തിനടക്കം നിയന്ത്രണമുണ്ടാകും. 30 ശതമാനം ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് മരം മുറിക്കാനും കൃഷിയിറക്കാനും തടസമുണ്ടാകും. ആശുപത്രി, വൈദ്യുതി ഉത്പാദന കേന്ദ്രങ്ങൾ എന്നിവയൊന്നും സ്ഥാപിക്കാനാകില്ല. വീടുൾപ്പെടെ ഏത് നിർമാണത്തിനും സംസ്ഥാനത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന എൻവയോൺമെന്റൽ അഥോറിറ്റിയുടെ അനുമതി വാങ്ങണം.
പത്തനംതിട്ട ജില്ലയിൽ നിലവിൽ പട്ടികയിലുൾപ്പെട്ട പ്രദേശങ്ങൾ പൂർണമായും ജനവാസ മേഖലകളാണ്. തന്നെയുമല്ല, ജലവൈദ്യുത പദ്ധതികളുൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥലങ്ങളുമാണ്. പതിറ്റാണ്ടുകൾക്കു മുന്‍പേ കുടിയേറിയ കർഷകരാണ് ഏഴ് വില്ലേജുകളിൽ ഭൂരിഭാഗവും.
സിപിഎം ബഹുജന പ്രക്ഷോഭത്തിന്
പത്തനംതിട്ട: പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിനെതിരേ ബഹുജന പ്രക്ഷോഭമുയർത്തുമെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു.
2011ൽ കോൺഗ്രസ് നേതാവും അന്നത്തെ വനം പരിസ്ഥിതി മന്ത്രിയുമായിരുന്ന ജയറാം രമേശാണ് ഇഎസ്എ ആദ്യ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണൻ അടിയന്തരപ്രമേയം അവതരിപ്പിക്കുകയും താനടക്കമുള്ള അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി. അന്ന് ഇതുസംബന്ധിച്ച് പഠിക്കാൻ പുതിയ സമിതി വേണമെന്ന് നിയമസഭ ഒന്നടങ്കം തീരുമാനിച്ചതാണ്.
ഇതിനിടയിൽ ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി. ഉമ്മൻ സമിതിയെ തീരുമാനിച്ചെങ്കിലും റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയിരുന്നില്ല. പിന്നീടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ടിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.
എന്നാൽ 2018ൽ പിണറായി വിജയൻ സർക്കാർ ഫലപ്രദമായ നിർദേശങ്ങൾ നൽകിയിരുന്നു. പരിസ്ഥിതിലോല മേഖല റിസർവ് വനത്തിനുള്ളിൽത്തന്നെ ഉൾപ്പെടുത്തണമെന്ന നിർദേശമാണ് നൽകിയത്. അത് നടപ്പായാലേ കേരളത്തിനു രക്ഷയുള്ളൂവെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews ESA