പ്രതീകാത്മക ചിത്രം
താമരശേരി: കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിലെ കട്ടിപ്പാറ, താമരശേരി, കോടഞ്ചേരി, നെല്ലിപ്പൊയില്‍, തിരുവമ്പാടി, പുതുപ്പാടി എന്നീ വില്ലേജുകളിലാണ് ഇഎസ്എ ആശങ്കയുള്ളത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സ്ഥലങ്ങളെ ഇഎസ്എയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പൊതുവായുള്ള ആവശ്യം.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെ നിയന്ത്രണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ജനജീവിതം ദുരിതപൂര്‍ണമാകുമെന്നതില്‍ സംശയമില്ല. ജനവാസ മേലെകള്, കാര്‍ഷിക ഭൂമികള്‍, തോട്ട ഭൂമികള്‍ എന്നിവ പൂര്‍ണ്ണമായും ഇഎസ്എയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരണം
അവകാശങ്ങള്‍ സംരക്ഷിക്കണം
ഇഎസ്എ പ്രഖ്യാപനത്തിന്റെ പേരില്‍ സാധാരണക്കാരുടെ കൃഷിയെയും ജീവിതത്തെയും ബാധിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാകരുത്. ഇഎസ്എ പരിധി വനത്തിനുള്ളില്‍ നിയന്ത്രിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണം. പ്രദേശവാസികളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കണം അന്തിമ തീരുമാനം എടുക്കേണ്ടത്.
ഷിബു തോമസ്, സംസ്ഥാന സെക്രട്ടറി
കേരള യൂത്ത് ഫ്രണ്ട് -എം
പരാതികള്‍ പരിഹരിക്കണം
കര്‍ഷകര്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് കരട് വിജ്ഞാപനം കടന്നു വന്നിരിക്കുന്നത്. കട്ടിപ്പാറ, കെടവൂര്‍ വില്ലേജുകളെയും ജനവാസ,കാര്‍ഷിക മേഖലകളെയും പൂര്‍ണ്ണമായി ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണം. ഗ്രാമ പഞ്ചായത്തുകളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി വിശദമായ ഫീല്‍ഡ് സര്‍വേ നടത്തണം. ഇഎസ്എ അതിരുകള്‍ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷമേ അന്തിമ വിജ്ഞാപന നടപടികള്‍ പൂര്‍ത്തീകരിക്കാവൂ.
പ്രേംജി ജയിംസ്, വൈസ് പ്രസിഡന്റ്,
കട്ടിപ്പാറ പഞ്ചായത്ത്
Tags : Nattuvishesham DistrictNews DeepikaNews ESA