കാലടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ മേഖലയിലാകെ വാഴകൃഷിക്ക് വ്യാപക നാശനഷ്ടമുണ്ടായി. ശ്രീമൂലനഗരം പഞ്ചായത്തിലെ പുത്തന്‍പുരക്കല്‍ കുഞ്ഞവരയുടെ രണ്ടായിരത്തോളം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണു. 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന കപ്പകൃഷിയും നശിച്ചു. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. കൃഷിനാശം നേരിട്ട വാഴത്തോട്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസും സംഘവും സന്ദര്‍ശിച്ചു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. കര്‍ഷകകര്‍ക്ക് സഹായം ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സര്‍ക്കാരിനോട് ആവശ്യപെട്ടു.
ആലുവ: കുട്ടമശേരി, ചാലക്കൽ പ്രദേശങ്ങളിലും വൻകൃഷിനാശമുണ്ടായി. കർഷകൻ കുട്ടമശേരി അമ്പലപ്പറമ്പ് കണ്യാംപിള്ളി മോഹനന്റെ പന്തലുമാവുങ്കൽ, ചാലക്കൽ പ്രദേശങ്ങളിലായി കൃഷിചെയ്തിരുന്ന രണ്ട് ഏക്കറിലെ ഏത്തവാഴകൾ കാറ്റിൽ പൂർണമായും തകർന്നടിഞ്ഞു. കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി മോഹനൻ പറഞ്ഞു.
ചാലക്കൽ പാടത്ത് വാഴകൃഷി ചെയ്ത മരത്താംകുടി പ്രകാശ്, കോട്ടായി രവീന്ദ്രൻ, കൊരങ്ങാട് അലി, വാരിക്കാട്ടുകുടി സെയ്ദ് മുഹമ്മദ്, കണ്യാംപിള്ളി ശ്രീജേഷ്, കൃഷ്ണൻ പാനാപ്പിള്ളി തുടങ്ങിയവരുടേതടക്കം നിരവധി വാഴകളും കാറ്റിൽ നശിച്ചു.
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ പ്രധാനമായും വാഴ, തെങ്ങ്, റബ്ബർ, ജാതി വിളകൾക്കാണ് നാശം സംഭവിച്ചത്. കൃഷിനാശത്തിനു പുറമെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
കൃഷിനാശം നേരിട്ട കർഷകർക്ക് കൃഷി ഓഫീസ് വഴിയും വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് വില്ലേജ് ഓഫീസ് വഴിയും നഷ്ടപരിഹാര തുക ലഭിക്കാനുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് ബിനോയി അരീക്കൽ അറിയിച്ചു.
Tags : nattu vishesham Extensive damage wind