കടുത്തുരുത്തി പഞ്ചായത്ത് മുട്ടുചിറ ഡിവിഷന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള ഘോഷയാത്ര കടുത്തുരുത്തിയില്‍നിന്നും ആരംഭിച്ചപ്പോള്‍.
കടുത്തുരുത്തി: മലയാളികളുടെ ആഘോഷമായ തിരുവോണത്തോടനുബന്ധിച്ചു നാട്ടിലെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍. പഞ്ചായത്തുകള്‍, സമുദായ സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കൃഷി വകുപ്പ്, സഹകരണ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍ എന്നിങ്ങനെ നാട്ടിലെങ്ങും ഓണാഘോഷ പരിപാടികള്‍ പൊടിപൊടിക്കുകയാണ്. ക്ലബ്ബുകളും മറ്റും ദിവസങ്ങള്‍ക്ക് മുമ്പേ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധങ്ങളായ മത്സരങ്ങളാണ് പല സ്ഥലങ്ങളിലും സംഘടിപ്പിച്ചത്. തിരുവോണസദ്യ, പായസമേള തുടങ്ങിയവയുടെ വില്പന മുന്നില്‍ കണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും പരസ്യങ്ങള്‍ നല്കി ത്തുടങ്ങിയിരുന്നു. വിവിധ തരത്തിലുള്ള പായസങ്ങളാണ് വിപണിയില്‍ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്.
കടുത്തുരുത്തി പഞ്ചായത്ത് മുട്ടുചിറ ഡിവിഷന്റെ (വാര്‍ഡ് ഏഴ്, എട്ട്, ഒമ്പത്, പത്ത്) നേതൃത്വത്തില്‍ ഒരാഴ്ച്ചയായി നടത്തി വരുന്ന ഓണാഘോഷ പരിപാടികളുടെ സമാപനം ഇന്നലെ നടന്നു. ഇതിന്റെ ഭാഗമായി കടുത്തുരുത്തിയില്‍നിന്നും മുട്ടുചിറയിലേക്ക് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. മാവേലിയും വാഹനത്തില്‍ ഘടിപ്പിച്ച ആനയുടെ സ്റ്റാച്ച്യുവും വെഞ്ചാമരം, വര്‍ണക്കുടകള്‍ എന്നിങ്ങനെ വര്‍ണാഭമായ ഘോഷയാത്രയ്ക്കു പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജും ജനപ്രതിനിധികളും നാട്ടുകാരുമെല്ലാം നേതൃത്വം നല്കി.
ജനപങ്കാളിത്തം കൊണ്ടും ഘോഷയാത്ര ശ്രദ്ധയാകര്‍ഷിച്ചു. ഘോഷയാത്രയുടെ സമാപനത്തെ തുടര്‍ന്ന് കോട്ടപ്പുറം മൈതാനിയില്‍ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കത്തടത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോസ് മുണ്ടുകുന്നേല്‍, മുട്ടുചിറ ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്‍ജ്, ജിന്‍സി എല്സബത്ത്, ലില്ലികുട്ടി ജേക്കബ്, ദീപ ഇന്ദുചൂഡന്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ സാബു പാളിയില്‍, മോന്‍സ് മുരിക്കല്‍, അജയ് ആശാംപറമ്പില്‍, സന്തോഷ് ജേക്കബ്, ജെയിംസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
സമ്മാനദാനവും നടന്നു. അത്തപൂക്കള മത്സരം, ചെസ്, ഷട്ടില്‍, ഫുട്ബോള്‍, പ്രസംഗം, ചീട്ടുകളി, സൈക്കിള്‍ സ്ലോ റെയ്സ്, ബൈക്ക് സ്ലോ റേസ്, ബൈക്ക് ഫാന്‍സി ഡ്രസ് എന്നിങ്ങനെ വിവിധങ്ങളായമത്സരങ്ങളാണ് ഓണാഘോഷത്തോടനുബന്ധിച്ചു പഞ്ചായത്ത് സംഘടിപ്പിച്ചത്. കലാപരിപാടികള്‍, ഗാനമേള, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.
പിതൃവേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം
കാഞ്ഞിരത്താനം: സെന്റ് ജോണ്‍സ് പള്ളിയിലെ പിതൃവേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. വികാരി ഫാ. ജയിംസ് വയലില്‍ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. അലക്സ് കാഞ്ഞിരത്തിങ്കൽ, പിതൃവേദി പ്രസിഡന്റ് ബിജു ഓരത്തേല്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.
ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം
ഞീഴൂര്‍: ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരുമയിലെ അന്തേവാസികളോടൊപ്പം ഓണാഘോഷം നടത്തി. ഒരുമ അങ്കണത്തില്‍ നടന്ന പരിപാടികളില്‍ കുട്ടികളും, മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഓണസദ്യയും വിളമ്പി. സമാപന സമ്മേളനം കടുത്തുരുത്തി എസ്എച്ച്ഒ കെ.എസ്. ജയന് ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമ്മാനങ്ങള്‍ നല്കി. ജോയി തോമസ് മണലേല്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഒരുമയുടെ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു.
തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിൽ ഓണാഘോഷം
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ പോലീസ് സ്റ്റേഷനിൽ നിറപ്പകിട്ടോടെ ഓണാഘോഷം നടത്തി. ഓണാഘോഷം വൈക്കം ഡിവൈഎസ്പി കെഎൻ. രാജേഷ് ഉദ്ഘാടനം ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ജി. രജൻകുമാർ, സബ്ഇൻസ്പെക്ടർ കെ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Onam celebration