കോതമംഗലം: കേസ് ഒത്തുതീർപ്പാക്കാൻ പണം വാങ്ങി കബളിപ്പിച്ചുവെന്ന് ആരോപിച്ച് കോതമംഗലത്ത് ബിജെപി ഓഫീസിന് മുന്നിൽ പെട്രോള് കന്നാസുമായെത്തി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. ഇന്നലെ രാവിലെ ചേലാട് ആറ്റുപുറം ജോര്ജും കുടുംബവുമാണ് പെട്രോള് കന്നാസുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ജോർജിന്റെ ഭാര്യയും ന്യൂനപക്ഷ മോര്ച്ചയുടെ ഭാരവാഹിയായ സഹോദരന് എല്ദോസും ഒപ്പം ഉണ്ടായിരുന്നു.
മകന്റെ പേരിലുള്ള ഓണ്ലൈന് തട്ടിപ്പ് സംബന്ധിച്ചുണ്ടായ കേസ് ഒത്തുതീർപ്പാക്കാൻ രണ്ടു ബിജെപി നേതാക്കൾ പത്തര ലക്ഷം രൂപ പലപ്പോഴായി കൈക്കലാക്കിയെന്നാണ് ജോര്ജിന്റെ പരാതി. എന്നാൽ പണം കൈപ്പറ്റിയശേഷം കേസ് ഒത്തുതീര്പ്പാക്കാന് നേതാക്കള് തയാറായില്ല.
പിന്നീട് ജോര്ജ് തന്നെ കോടതിയില് പിഴ അടച്ചാണ് മകന്റെ പേരിലുള്ള കേസ് അവസാനിപ്പിച്ചത്. ഇതിനു ശേഷം പണം തിരികെ ചോദിച്ചെങ്കിലും നൽകാൻ നേതാക്കള് തയാറായില്ല. ബിജെപിയുടെ മറ്റ് നേതാക്കളെ വിവരം ധരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ബിജെപി ഓഫീസിന് മുന്നില് ആത്മഹത്യാഭീഷണിയും സമരവും അരങ്ങേറിയത്.
ജോര്ജ് എത്തുമ്പോള് ആരോപണവിധേയരായ നേതാക്കള് ഓഫീസിന് സമീപം ഉണ്ടായിരുന്നു. അവരുമായി വാദപ്രതിവാദവും ഉണ്ടായി. ഭാര്യക്കും സഹോദരനുമൊപ്പം ജോര്ജ് ബിജെപി ഓഫീസിന് മുമ്പില് ഏറെ നേരം കുത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും പണം കൈമാറിയിട്ടുണ്ടെന്ന് ജോര്ജ് പറഞ്ഞു.
ഇടുക്കി ജില്ലയിലെ ഒരു പോലീസുകാരനും ഈ തട്ടിപ്പില് പങ്കുണ്ടെന്നും പോലീസുകാരന്റെ നിര്ദേശപ്രകാരവും പണം കൈമാറിയിട്ടുണ്ടെന്നും ജോര്ജ് പറഞ്ഞു.
കോതമംഗലം പോലീസ് സ്ഥലത്തെത്തിയാണ് ജോര്ജിനെയും കുടുബാംഗങ്ങളെയും സമരത്തില് നിന്ന് പിന്തിരിപ്പിച്ചത്. പോലീസ് സ്റ്റേഷനില് എത്തിച്ച് ജോര്ജിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില് തുടർനടപടികള് സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
Tags : nattu vishesham Family threatens suicide in BJP office