നെടുങ്കണ്ടം: കുത്തുങ്കല്‍ - നെടുങ്കണ്ടം 110 കെവി വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ആശങ്കകള്‍ പരിഹരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആലോചിക്കുന്നതിനായി നാളെ ആക്ഷന്‍ കൗണ്‍സിലിന്റെ പൊതുയോഗം ബഥേല്‍ സെന്റ് ജേക്കബ്സ് പള്ളി പാരിഷ് ഹാളില്‍ നടക്കും.
2009ല്‍ വിഭാവന ചെയ്തതാണ് കുത്തുങ്കല്‍ - നെടുങ്കണ്ടം 110 കെവി പദ്ധതി. 2012 ല്‍ ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് കര്‍ഷകരെ സമീപിച്ചെങ്കിലും കൃഷിഭൂമിയും കാര്‍ഷികവിളകളും ഇല്ലാതെയാക്കുന്ന പദ്ധതിക്കെതിരേ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ബോര്‍ഡ് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവനക്കാര്‍ നിശബ്ദമായി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ഉടമസ്ഥര്‍ അറിയാതെ അടയാളക്കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു.
സമീപകാലത്താണ് ഈ ലൈന്‍ കൊമ്പൊടിഞ്ഞാലില്നിന്ന് പണിക്കന്‍കുടി, മേലേചിന്നാര്‍, മഞ്ഞപ്പാറ, പച്ചടി, ബഥേല്‍, പത്തുവളവ്, ചക്കക്കാനം, കല്ലാര്‍ തുടങ്ങിയ ജനവാസമേഖലകളിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രദേശവാസികള്‍ അറിയുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിലയെപ്പറ്റിയോ കാര്‍ഷികവിളകളുടെ നഷ്ടപരിഹാരത്തെപ്പറ്റിയോ കര്‍ഷകരോട് സംസാരിക്കുകയോ ബോധ്യപ്പെടുത്തുകയോ ചെയ്യാതെ സര്‍വേ നടപടികള്‍ തുടരുകയും പണിക്കന്‍കുടിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കഴിഞ്ഞവര്‍ഷം ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയത്. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വൈദ്യുതി വകുപ്പ് അധികൃതരുമായും മന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
നഷ്ടപരിഹാരം കണക്കാക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല.
കാര്‍ഷിക വിളകളുടെ ഇനം തിരിച്ച് 30 മുതല്‍ 50 വര്‍ഷത്തെ ആദായനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടവര്‍ നിര്‍മാണത്തിനായി റോഡ് വെട്ടുന്നതിന് ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപരിഹാരം നല്‍കണം. ഓരോ കര്‍ഷകനും നല്കുന്ന നഷ്ടപരിഹാരത്തുക രേഖപ്പെടുത്തി കർഷകരെ ബോധ്യപ്പെടുത്തിയ ശേഷം സമ്മതപത്രം നല്‍കണം. പട്ടയം ഇല്ലാത്തവര്‍ക്കും പട്ടയം ഉള്ളവര്‍ക്ക് നല്കുന്ന അതേ നഷ്ടപരിഹാരം നല്‍കണം. വീടും മറ്റ് നിര്‍മിതികളും നഷ്ടപ്പെടുന്നവര്‍ക്ക് ഇവ പുനര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലവും ധനസഹായവും നല്‍കണം. നഷ്ടപരിഹാരത്തുക കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭിച്ചതിനു ശേഷം മാത്രമേ നിര്‍മാണം അനുവദിക്കുകയുള്ളു എന്നും ഭാരവാഹികള്‍ പറഞ്ഞു.
വൈദ്യുതി ലൈന്‍ കടന്നുപോകുന്ന മേഖലയില്‍ 440 കുടുംബങ്ങളുണ്ട്. ഇവരുടെ യോഗമാണ് നാളെ നടക്കുന്നത്. ഈ യോഗത്തില്‍ തുടര്‍ നടപടികളും മറ്റും തീരുമാനിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ഫാ. ജോസഫ് നടുപ്പടവില്‍, കണ്‍വീനര്‍ ജോണ്സണ് കിഴക്കേക്കര, സജി പേഴത്തുവയലില്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, മാത്തുക്കുട്ടി ഇടയിടം, രാജേഷ് അമ്പഴം, തോമസ് കോട്ടുതുണ്ടിയില് എന്നിവര്‍ അറിയിച്ചു.