അന്തിക്കാട് പള്ളിയിൽ സംയുക്ത ഊട്ടുതിരുനാളിന് ഫാ. ജോൺ കിടങ്ങൻ കൊടിയേറ്റുന്നു.
പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ യൂദാതദ്ദേവൂസിന്റെയും സംയുക്ത ഊട്ടു തിരുനാളിന് കൊടിയേറി. ഫാ. ജോൺ കിടങ്ങൻ കൊടിയേറ്റം നിർവഹിച്ചു. രാവിലെ കുർബാനയ്ക്കു ശേഷം വികാരി ഫാ. ടോം വേലൂക്കാരന്റെ നേതൃത്വത്തിൽ ദർശനസഭാംഗങ്ങളുടെ അകമ്പടിയോടെയാണ് കൊടിയേറ്റച്ചടങ്ങുകൾ നടന്നത്. 15 നാണ് സംയുക്ത തിരുനാൾ.
രാവിലെ 10ന് ആഘോഷമായ കുർബാനയ്ക്ക് ഇടവകാംഗവും പാറന്നൂർ പള്ളിവികാരിയുമായ ഫാ. പ്രിൻസ് ചിരിയങ്കണ്ടത്ത് മുഖ്യകാർമികത്വം വഹിക്കും. വലപ്പാട് കപ്പുച്ചിൻ ആശ്രമത്തിലെ വൈദികൻ വിൽജോ നീലങ്കാവിൽ സന്ദേശംനൽകും. ഉച്ചയ്ക്ക് 11.45 മുതൽ നേർച്ച ഊട്ട് വിതരണം ആരംഭിക്കും. തിരുനാൾ തലേന്ന് വൈകിട്ട് 5.45ന് കുർബാനയ്ക്കുശേഷം കൂടുതുറക്കൽ ശുശ്രൂഷ നടക്കും.
വികാരി ഫാ. ടോം വേലൂക്കാരൻ കാർമികത്വം വഹിക്കും. ജനറൽ കൺവീനർ ജോണി ചിരിയങ്കണ്ടത്ത്, കൈക്കാരന്മാരായ ആന്റണി ജോസഫ്, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, സ്റ്റീഫൻ ദേവസി, കൺവീനർ ആന്റോ കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.