സി. രാജശേഖരൻ നായർ
ചിങ്ങവനം: ചലച്ചിത്ര-സീരിയൽ താരം ചാന്നാനിക്കാട് അജിതാലയം വീട്ടിൽ സി. രാജശേഖരൻ നായർ ( 74) അന്തരിച്ചു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു. മലയാള സിനിമയിൽ കൂടുതൽ എസ്ഐ വേഷങ്ങൾ ചെയ്ത നടൻ ആയതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
സന്ദർഭത്തിലെ പോലീസ് ഇൻസ്പെക്ടർ, രാജാവിന്റെ മകനിലെ സംസ്ഥാന ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായി സാബു, വഴിയോരക്കാഴ്ചകളിലെ ഡോക്ടർ, മുദ്രയിലെ ജുവനൈൽ ഹോമിലെ പോലീസ് വേഷം, നായർ സാബിലെ ജയിംസിന്റെ സഹായി ഉലഹന്നാൻ, സേതുരാമയ്യർ സിബിഐയിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, താപ്പാനയിലെ പോലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങളാണ് പ്രധാനപ്പെട്ടത്. നമ്പർ 20 മദ്രാസ് മെയിൽ, പാറശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2015 ൽ റിലീസ് ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്രയിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. കോട്ടയം ചിങ്ങവനത്തായിരുന്നു താമസം.ഭാര്യ അജിത കുമാരി. മക്കൾ: അനുഷ ദീപു (ദുബൈ), അർച്ചന രാജശേഖരൻ നായർ ( അബുദാബി). മരുമകൻ: എസ്. ദീപു (ദുബൈ). സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ചങ്ങനാശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരൻ നായരുടെയും പത്മാവതിയമ്മയുടെയും മകനാണ്.