കൊട്ടിയം : കൊട്ടിയത്ത് അഗ്നിരക്ഷാസേനാ നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിഷ്ണു മോഹൻ എംഎൽഎ. പൗരവേദി നടത്തിയ മികവ് 2026ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംഎൽഎ.
ഇതോടൊപ്പം കൊട്ടിയത്ത് മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുന്നതിന് പഠനം നടത്തുമെന്നും എംഎൽഎ ഉറപ്പ് നൽകി. ഒറ്റപ്ലാമൂട് കൂടി ചേർത്ത് ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നത് പരിശോധിക്കുമെന്ന് കൈത്താങ്ങ് പഠനോപകരണ വിതരണം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ബി.ബി. ഗോപകുമാർ എംഎൽഎ ഉറപ്പു നൽകി.
പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത് കുമാർ അധ്യക്ഷത വഹിച്ചു.ഫാ.ഫ്രാൻസിസ് കാരെക്കാട്ട് പ്രഭാഷണം നടത്തി. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേഡ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതി, കൊട്ടിയം ട്രാൻസിറ്റ് ഹോം സബ് ഇൻസ്പെക്ടർ സുജിത് ജി. നായർ,
ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പ്രസിഡന്റ് നജിമുദീൻ എന്നിവർ പ്രസംഗിച്ചു. കൊട്ടിയം മൊബിലിറ്റി ഹബിന്റെ പ്രൊജക്ട് പൗരവേദിക്ക് വേണ്ടി തയാറാക്കിയ കാരുവേലിൽ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികളായ അബിൻ കെ. അനിൽ, എയ്ഞ്ചൽ ജോർജ്, എം.ആഷിക്ക്, എ.മുഹമ്മദ് എന്നിവരെ ആദരിച്ചു.
Tags : Local News Nattuvishesham Kollam