മരം മുറിക്കുന്നതിനിടെ ശിഖരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തുന്നു.
തിരുവല്ല: മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് മുറിഞ്ഞു കാലിൽ വീണതിനേതുടർന്ന് ശിഖരത്തിൽ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേന സംഘം രക്ഷപ്പെടുത്തി. തിരുവല്ല മുത്തൂർ വടക്കേടത്തുപ്പടി ചൂരകുന്നത്ത് ശൈലേഷിന്റെ സ്ഥലത്തെ മാവ് മരം മുറിക്കാൻ കയറിയ കവിയൂർ സ്വദേശി രാജൻ ( 35 ) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം.
ജോലിക്കിടെ ഏകദേശം 80 ഇഞ്ച് വണ്ണമുള്ള മരക്കൊമ്പ് മുറിഞ്ഞു കാലിനു മുകളിൽ വീണ് കാൽ മരത്തിനും കൊമ്പിനും ഇടയിൽ ഞെരുങ്ങി 15 അടിയോളം ഉയരത്തിൽ രാജൻ കുടുങ്ങി. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ തിരുവല്ല ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വർഗീസ് ഫിലിപ്പ് മരത്തിൽ കയറുകയും ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുകേഷ് കുമാറിന്റെ സഹായത്തോടെ രാജനെ മരത്തിൽ കെട്ടി സുരക്ഷിതമാക്കിയ ശേഷം ക്രെയ്ൻ ഉപയോഗിച്ച് മരക്കൊമ്പ് ഉയർത്തി മാറ്റി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു.
ഇടതു കാലിന് സാരമായ പരിക്കേറ്റ രാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയത്.
Tags : Local News Nattuvishesham Pathanamthitta