കൊല്ലം: ഇരുപതിലേറെ ദിവസം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊടി ഇറങ്ങും. നാളെ നിശബ്ദ പ്രചാരണം. നാടിനു വേണ്ട ജനനായകര്‍ ആരെന്ന് വോട്ടർമാര്‍ക്ക് അവസാന വട്ട തീരുമാനമെടുക്കാനുള്ള ദിനം. മറ്റന്നാള്‍ നാട് പോളിംഗ് സ്റ്റേഷനിലേക്ക്.
ഇടതുകൈയിലെ ചൂണ്ട് വിരലില്‍ നീല മഷി പുരട്ടി ജനാധിപത്യത്തിന് കരുത്ത് പകരാന്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് നാടിനെ നയിക്കേണ്ടവരെ കണ്ടെത്താന്‍ വോട്ടിംഗ് മെഷിനില്‍ വിരലമര്‍ത്തും.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വോട്ടറുടെ മനസ് കീഴടക്കിയെന്ന ആത്മ വിശ്വാസത്തിലാണ് മുന്നണികള്‍. വോട്ടിംഗ് മെഷീനില്‍ തങ്ങളുടെ ചിഹ്നത്തില്‍ വിരലമര്ത്തുമെന്ന് ഓരോ സ്ഥാനാര്‍ഥികളും കണക്ക് കൂട്ടുന്നു. ഒപ്പം വോട്ടർമാരും തീരുമാനിച്ചുറച്ചാണ് പോളിംഗ് ബൂത്തിലേക്ക് പോകുക.
കൊല്ലത്ത് അസാധ്യമാകും വിധമാണ് മത്സരം മുറുകിയത്. ഉറപ്പുള്ള സീറ്റുകള്‍ പലതും കൈവിട്ട് പോകുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. കാടടച്ചു നടത്തുന്ന പ്രചാരണങ്ങള്‍ക്കിടയിലും വോട്ടർമാരെ നേരിട്ട് കണ്ടും കുടുംബ യോഗങ്ങള്‍ നടത്തിയുമാണ് മൂന്നു മുന്നണികളും പ്രചാരണം നടത്തിയത്. നാടു മുഴുവന്‍ ബോര്‍ഡുകളും പോസ്റ്ററുകളും കുത്തി നിറച്ചു.
പ്രചാരണത്തിന്റെ അവസാന നാളിലേക്ക് അടുത്തപ്പോള്‍ പൊള്ളുന്ന വെയിലിനെ അവഗണിച്ചും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നേതാക്കളും ഗ്രാമ, നഗര ഭേദമന്യേ രംഗം ഇളക്കി മറിച്ചു. ഇത്രയും തീവ്രമായ പ്രചാരണവും പ്രചാരണോപാധികളും സമീപകാല തെരഞ്ഞെടുപ്പുകളിലൊന്നും ജില്ല കണ്ടിട്ടില്ല. കൊല്ലം, ചവറ, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂര്‍, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, കുന്നത്തൂര്‍,ചടയമംഗലം, ഇരവിപുരം എന്നീ നിയമസഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് രാത്രി ഏഴിന് അവസാനിക്കും. നാളെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാനവട്ട വോട്ട് ഉറപ്പിക്കാനുള്ള ഓട്ടപാച്ചിലില്‍ ആയിരിക്കും.
നാടിനെ ഇളക്കി മറിച്ച പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മൂന്നു മുന്നണികളുടെയും ദേശീയ േനതാക്കളുടെ പടയോട്ടമായിരുന്നു ജില്ലയില്‍.
യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സച്ചിന്‍പൈലറ്റ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, ശശി തരൂര്‍, ഷാഫി പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക്കാ ലാംബ, സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍, എഐസിസി നിരീക്ഷക പത്മ റെഡ്ഡി, എം.എം ഹസന്, അടൂര്‍ പ്രകാശ് തുടങ്ങിയ നേതാക്കള്‍ ജില്ലയിലെത്തി.
എല്‍ഡിഎഫിനാകട്ടെ മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, പ്രകാശ് കാരാട്ട്, എ.വിജയരാഘവന്, മറിയം ധവ്ളെ, ബൃന്ദ കാരാട്ട്, എം.വി. ഗോവിന്ദന്, ബിനായ് വിശ്വം, കെ.പ്രകാശ് ബാബു, അമര്ജിത കൗര്‍, മുല്ലക്കര രത്നാകരന്, സ്പീക്കര്‍ ഷംസീര്‍ തുടങ്ങി ഒട്ടേറെ പേര് ജില്ലയിലെത്തി.
എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന്, കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ്‍ റിജിജു, മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പ്രഭാരി പ്രകാശ് ജാവദേക്കര്‍, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ള, കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ തുടങ്ങിയ നേതാക്കളും വോട്ട് അഭ്യാര്‍ഥിച്ച് ജില്ലയിലെത്തി.
അട്ടിമറി പ്രതീക്ഷിക്കാമെന്ന് യുഡിഎഫ്
ജില്ലയില്‍ അട്ടിമറി ജയം ഉണ്ടാകുമെന്ന് യുഡിഎഫ് . 2021ല്‍ പിടിച്ച കുണ്ടറ, കരുനാഗപ്പള്ളി നിലനിര്‍ത്തുകയും കുന്നത്തൂര്‍, ചവറ, കൊല്ലം, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തവണ കുന്നത്തൂര്‍, ചവറ, കൊല്ലം മണ്ഡലങ്ങളില്‍ മൂവായിരത്തില്‍താഴെ വോട്ടിനാണ് യുഡിഎഫ് പരാജയപ്പെട്ടത്.
കുന്നത്തൂരില്‍ 2790, ചവറ 1096, കൊല്ലം 2072 എന്നിങ്ങനെയാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം എന്നതു യുഡിഎഫിന് പ്രതീക്ഷ നല്കുന്നു. കൂടാതെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ ഏഴു നിയമസഭ മണ്ഡലങ്ങളിലും ആലപ്പുഴയിലെ കരുനാഗപ്പള്ളിയിലും മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും യുഡിഎഫിനാണ് മേല്‍ക്കോയ്മ.
ഇതാണ് യുഡിഎഫ് പ്രതീക്ഷ നല്‍കുന്നത്.ശബരിമല സ്വര്‍ണപ്പാളി കൊള്ളയാണ് പ്രധാന ആയുധമാക്കിയത്. ഇതുകൂടാതെ കശുവണ്ടി തൊഴിലാളികള്‍ക്കു കൂടി ചികിത്സ സൗകര്യം ഒരുക്കാന്‍ കഴിയുന്ന ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതു സജീവ ചര്‍ച്ചയാക്കി. കിഴക്കന്‍മേഖലയിലെ പട്ടയപ്രശ്നവും വന്യജീവി ആക്രമണവും സജീവ ചര്‍ച്ചയാക്കി.
കോട്ടം തട്ടില്ലെന്ന് എല്‍ഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്. 2021ലെ തെരഞ്ഞെടുപ്പ് നല്കിയ മൃഗീയ ഭൂരിപക്ഷം തന്നെയാണ് മുന്നണിയുടെ പ്രതീക്ഷ. നിലവിലുള്ള ഒമ്പതു സീറ്റുകള്‍ നിലനിര്‍ത്തുമെന്നും കഴിഞ്ഞ തവണ കൈവിട്ട കുണ്ടറ തിരിച്ചു പിടിക്കുമെന്നുമാണ് എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ 10 വര്‍ഷക്കാലം കൊല്ലത്തിനു നല്കിയ സംഭാവനകളും വികസനവും വോട്ടായിമാറുന്നു പ്രതീക്ഷിക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളിലെ വിള്ളല്‍ സമ്മതിക്കുന്ന മുന്നണിനേതാക്കള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങിയത് അനുകൂലമാകുമെന്നും പ്രതീക്ഷ അര്‍പ്പിക്കുന്നു.
വികസനമുന്നേറ്റം മുൻനിര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. കൊല്ലത്തിന്റെ വികസനം എല്‍ഡിഎഫിന്റെ കൈകളില്‍ ഭദ്രം എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. സാമൂഹ്യക്ഷേമ പെന്ഷന്, അടിസ്ഥാന വികസനം, പട്ടയം തുടങ്ങിയവ വോട്ടായി മാറുമെന്നും ന്യുനപക്ഷ വോട്ട് ബാങ്ക് തങ്ങളോടൊപ്പമാണെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.
പ്രതീക്ഷയോടെ ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നതു ചാത്തന്നൂര്‍ മാത്രമാണ്. പഞ്ചായത്തുകളില്‍ മിന്നും വിജയം നേടാന്‍ സാധിച്ചതും കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തുവന്നതാണ് ഈ പ്രതീക്ഷയ്ക്കു തുണയാകുന്നത്. അഞ്ചു മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നും അവകാശപ്പെടുന്നു.
കൊല്ലം കോര്‍പറേഷനിലും ഗ്രാമപഞ്ചായത്തുകളിലും ബിജെപി മിന്നുംവിജയം നേടിയതും ശ്രദ്ധേയമാണ്.ഇതെല്ലാം നിയമസഭയില്‍ ഒരു അട്ടിമറി സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കു നല്‍കുന്നത്.ശബരിമല വിഷയത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ പങ്കുണ്ടെന്ന തന്ത്രമാണ് ബിജെപി പ്രചാരണായുധമാക്കിയത്.
Tags : nattu vishesham Flag-lowering ceremony