ആലപ്പുഴ: ദേശീയപാതയില്‍ 11-ാം മൈലില്‍ ഉള്‍പ്പെടെ രൂപപ്പെട്ട വന്‍ കുഴികളെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കെ.സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് 12ന് ചേരുന്ന യോഗത്തില്‍ പിഡബ്യൂഡി സെക്രട്ടറിയും കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഷാജി വി. നായര്‍ ദീപികയോടു പറഞ്ഞു.
ദേശീയപാതയില്‍ പണി പൂര്‍ത്തയായ ആറു സ്ഥലങ്ങളില്‍ വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പുണ്ടെന്നും ഇതു പൊട്ടിയാല്‍ സമാന സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വാട്ടര്അഥോറിട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതും നിര്‍മാണത്തിലെ അപാകത ഉള്‍പ്പെടെയുള്ള വിഷയങ്ങളും മീറ്റിംഗില്‍ ചര്‍ച്ചചെയ്യും. ഇതില്‍ നേരത്തെതന്നെ ജില്ലാ കളക്ടര്‍ നടപടി ആവശ്യപ്പെട്ടിരുന്നു. ദേശീയപാതയിലെ അശാസ്ത്രീയ നിര്‍മാണം മൂലം ഓടകള്‍ അടയുന്നതിനാല്‍ കൊമ്മാടി പോലുള്ള റോഡിന്റെ സമീപങ്ങളിലെ വീടുകളിലുണ്ടാകുന്ന വെള്ളക്കെട്ടും അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ കൂടിയാണ് യോഗം.
ജില്ലാക്കോടതിപ്പാലം: ആറുമാസം കൊണ്ട് പൂത്തിയാക്കും
അവലോകനയോഗം അടുത്തയാഴ്ച
ആലപ്പുഴ: നിര്‍മാണജോലികള്‍ ഇഴഞ്ഞുനീങ്ങുന്ന ജില്ലാകോടതിപ്പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ എ.ഡി.തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ അടുത്തയാഴ്ച മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മാണം ആറുമാസത്തിനകം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് ശ്രമിക്കുന്നതെന്ന് എഡി തോമസ് എംഎല്‍എ പറഞ്ഞു. നഗരമധ്യത്തിലെ പാലം നിര്‍മാണം ഇഴയുന്നതുമൂലം വന്‍ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.
പാലത്തിനായി നിലവിലെ റോഡ് പൊളിച്ചപ്പോള്‍ പകരം, സര്‍വീസ് റോഡ് ഗതാഗത യോഗ്യമാക്കാതിരുന്നതിനാല് കാല്‍നടയാത്രപോലും സാധ്യമല്ലാത്ത രീതിയിലാണ് സര്‍വീസ് റോഡിന്റെ അവസ്ഥ. പകരം ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയ നഗരചത്വരം വഴി ബസ് പോലുള്ള വലിയവാഹനങ്ങളും കയറ്റുന്നതിനാല്‍ വന്‍ ബ്ലോക്കാണ് നഗരത്തിലനുഭവപ്പെടുന്നത്.
ഇതിനെല്ലാം പരിഹാരമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗം വിളിച്ചിരിക്കുന്നത്.
Tags : Nattuvishesham District News