ജിജി ജോസഫ്
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണിമല, മൂങ്ങാനി പ്രദേശങ്ങളിലെ വ്യാപാരികൾക്ക് 32 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തൽ. മണിമലയാർ കരകവിഞ്ഞതോടെയാണ് മണിമല മുതൽ മൂങ്ങാനി വരെയുള്ള ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത്. മൂങ്ങാനി ഭാഗത്ത് 75 കടകളിലും മണിമല ബസ് സ്റ്റാൻഡ് ഭാഗത്ത് 50 കടകളിലുമാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.
ആറ്റോരം ഹോട്ടൽ - 10 ലക്ഷം, റോയിസ് ദന്തൽ ക്ലിനിക് - അഞ്ച് ലക്ഷം, ബെസ്റ്റ് ബേക്കറി - രണ്ട് ലക്ഷം, കണ്ണന്താനം ഏജൻസീസ് - രണ്ട് ലക്ഷം, കൈരളി തീറ്റക്കട - 1,50,000, ഇളങ്ങല്ലൂർ ഹാർഡ് വെയേഴ്സ് - ഒരു ലക്ഷം, ഹോളി കിംഗ്സ് - 5,00,00, ചോയിസ് ലൈറ്റ് - 25000 എന്നിങ്ങനെയാണ് സ്ഥാപനങ്ങളിലെ നഷ്ട കണക്ക്. കൂടാതെ ചെറിയ സ്ഥാപനങ്ങളിലെല്ലാം കൂടെ 10 ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ശനിയാഴ്ച പുലർച്ചെ രണ്ടോടെ പെയ്ത ശക്തമായ മഴയിലാണ് മണിമല ടൗണിലേക്ക് വെള്ളം കയറിയത്. പുലർച്ചെയായതിനാൽ വ്യാപാരികൾക്ക് സാധനങ്ങൾ മാറ്റാൻ സാധിച്ചില്ല. പലരും അറിഞ്ഞെത്തിയെങ്കിലും റോഡുകളിലെല്ലാം വെള്ളം കയറിയതിനാൽ കടകളിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ മണിമലയിലെ ഇരുനൂറോളം കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു.
2018 മുതലുള്ള മിക്ക വർഷങ്ങളിലും മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്ന് മണിമലയിലും പരിസര പ്രദേശങ്ങളിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിന് ശാശ്വത പരിഹാരം മണിമലയാറ്റിലെ മണൽ വാരി മാറ്റുകയാണ്. മണൽ വാരുന്നതിലൂടെ ആറിന്റെ ആഴം വർധിക്കുകയും വെള്ളം സ്വാഭാവിക ഒഴുക്കിലേക്ക് ആകുകയും കരയിലേക്ക് കയറുന്നത് കുറയുകയും ചെയ്യും. ആയതിനാൽ മണൽവാരലിനുള്ള നിയമപരമായ അംഗീകാരം സർക്കാർ നൽകണം
ജിജി ജോസഫ് (വ്യാപാരി, വാർഡ് മെംബർ).