പ്രതീകാത്മക ചിത്രം
മീനങ്ങാടി: നബാർഡിന്റെ സാന്പത്തിക പിന്തുണയോടെ നടപ്പിലാക്കുന്ന എംഎൽഡിപി പദ്ധതിയുടെ ഭാഗമായി മീനങ്ങാടി "സ്റ്റെർക്’ സംഘടിപ്പിക്കുന്ന 15 ദിവസത്തെ സൗജന്യ ഭക്ഷണോത്പന്ന നിർമാണ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ജില്ലയിലെ മീനങ്ങാടി, അന്പലവയൽ, പൂതാടി, നൂൽപ്പുഴ, നെൻമേനി, മുട്ടിൽ എന്നീ പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലും സ്ഥിരതാമസമുള്ള 21നും 56നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആകെയുള്ള 30 സീറ്റുകളിൽ 25 എണ്ണം ഗ്രൂപ്പ് അടിസ്ഥാനത്തിലും അഞ്ച് എണ്ണം വ്യക്തിഗതവുമായാണ് നൽകുന്നത്. ഒരു ഗ്രൂപ്പിൽ നിന്ന് രണ്ട് മുതൽ മൂന്നു പേരെ വരെ തെരഞ്ഞെടുക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അപേക്ഷകർക്കും വനിതാ സംരംഭകർക്കും മുൻഗണന ലഭിക്കും.
അരി, ചെറുധാന്യങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, മസാലക്കൂട്ടുകൾ, ക്ഷീരോത്പന്നങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലാണ് പരിശീലനം നൽകുന്നത്. തിയറി ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനം, അഗ്രി ബിസിനസ് യൂണിറ്റ് സന്ദർശനം, യാത്രാപ്പടി, സ്റ്റൈപ്പൻഡ് എന്നിവയും സൗജന്യ പരിശീലനത്തിൽ ഉൾപ്പെടുന്നു. പരിശീലനത്തിന് ശേഷം സ്വന്തമായി സംരംഭം ആരംഭിക്കാൻ താത്പര്യമുള്ളവരായിരിക്കണം പങ്കാളികൾ.
താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ 10ന് മുൻപായി മീനങ്ങാടി പിബിഎം കോന്പൗണ്ടിലുള്ള സ്റ്റെർക് ഓഫിസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9946309151 എന്ന നന്പറിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.