ശാസ്ത്രമേള എം.എം. ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
മുള്ളന്‍കൊല്ലി: അറിവിന്റെ കൗതുകങ്ങളും സര്‍ഗാത്മകതയുടെ പുതുമകളും ഒരേവേദിയില്‍ അണിനിരത്തി സെന്റ് തോമസ് എയുപി സ്കൂളില്‍ "ഡിസ്കവര് 2കെ26' എന്ന പേരില്‍ സംഘടിപ്പിച്ച പ്രവൃത്തിപരിചയ, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര മേള ശ്രദ്ധേയമായി.
"കാണാം, അറിയാം, ചെയ്തുപഠിക്കാം' എന്ന ആശയത്തെ അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു മേളയിലെ ഓരോ കാഴ്ചയും. പാഴ്വസ്തുക്കള്ക്ക് പുതുജീവന്‍ നല്കുന്ന കരകൗശല സൃഷ്ടികളും കൗതുകമുണര്‍ത്തുന്ന ശാസ്ത്ര പരീക്ഷണങ്ങളും മാതൃകകളും പ്രവൃത്തി പരിചയമേളയെ സമ്പന്നമാക്കി. ഗണിതത്തെ രസകരവും ലളിതവുമാക്കുന്ന മാതൃകകളും കളികളും ഗണിത ശാസ്ത്രമേളയുടെ ആകര്‍ഷണമായി. ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികജീവിതവും കുട്ടികളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച സാമൂഹിക ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധ നേടി. സ്കൂള്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ കബനിഗിരി നിര്‍മല ഹൈസ്കൂള്‍ അധ്യാപകന് എം.എം. ആന്റണി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ അന്വേഷണത്വരയും നിരീക്ഷണപാടവവും പ്രായോഗിക അറിവും വളര്‍ത്തുന്നതില്‍ ശാസ്ത്രമേളയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹെഡ്മിസ്ട്രസ് മിനി ജോണ്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോയിസി ജോര്‍ജ്, സിസ്റ്റര്‍ എം.ജെ. ബിന്ദു, കെ.എം. നൗഫല്‍, റോണി ജോര്‍ജ്, ധന്യ സഖറിയാസ് എന്നിവര്‍ പ്രസംഗിച്ചു.