അടുത്ത കൃഷിക്കുള്ള നെല്‍വിത്തുകള്‍ നിറച്ച ചാക്കുകളുമായി ബഷീര്‍.
അടൂര്‍: അറുപത്തേഴാം വയസിലും കൃഷിയിടത്തില്‍ ഇറങ്ങുമ്പോള്‍ ബഷീറിനു യൗവനമാണ്. മണ്ണില്‍ വിത്തിറക്കി നെല്‍ച്ചെടികള്‍ക്കൊപ്പം വളര്‍ന്ന് കൊയ്ത്തിന്റെ സന്തോഷം നെഞ്ചേറ്റിയ ജീവിതമാണ് എം. ബഷീറിന്റേത്. 21 വര്‍ഷമായി നെല്‍കൃഷിയില്‍ സജീവമായ ബഷീര്‍ അതിനു മുമ്പ് 28 വര്‍ഷത്തോളം പത്ര ഏജന്റായും പ്രവര്‍ത്തിച്ചിരുന്നു. പത്രവിതരണത്തിനുശേഷം മുഴുവന്‍ സമയവും കൃഷിയിലേക്ക് തിരിഞ്ഞതോടെ നെല്‍വയല്‍ ജീവിതത്തിന്റെ ഭാഗമായി.
എന്നാല്‍ ഇത്തവണ പാടത്തിറങ്ങാനാകാതെ മഴയും വെള്ളവും കാത്തിരിക്കുകയാണ് ഈ കര്ഷകന്. ഏനാത്ത് മെതുകുമേല്‍ ഷെമീര്‍ ഭവനില്‍ ബഷീര്‍ പാട്ടത്തിനെടുത്ത പാടത്താണ് നെല്‍കൃഷി നടത്തുന്നത്. ഇത്തവണ ഒന്‍പത് ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കാന്‍ 465 കിലോ നെല്‍വിത്ത് വാങ്ങിവച്ചിരിക്കുകയാണ്. മഴ ലഭിച്ചാല്‍ ഉടന്‍ വിത്തിറക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ വിത്തിന്റെ കാലാവധി ഈ മാസം പകുതിയോടെ അവസാനിക്കും. എന്നിട്ടും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് ബഷീര്‍.
കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധി
മുന്‍കാലങ്ങളില്‍ നേരിടാത്ത പ്രതിസന്ധിയാണ് കര്‍ഷകര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. അപ്രതീക്ഷിതമായ വേനല്‍ കൃഷിയെയാണ് സാരമായി ബാധിച്ചത്.
മഴയുടെ കുറവിനൊപ്പം കൃഷിയിടത്തിലേക്ക് ആവശ്യമായ വെള്ളം എത്തിക്കാനാകാത്തതാണ് പ്രധാന പ്രതിസന്ധി. കൃഷിയിടത്തില്‍നിന്ന് അര കിലോമീറ്ററോളം അകലെയുള്ള കല്ലടയാറ്റില്‍നിന്ന് വെള്ളമെത്തിച്ചാല്‍ മാത്രമേ കൃഷി സാധ്യമാകൂ. ഇതിനായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും ചെലവാകും. സാധാരണ കര്‍ഷകനായ ബഷീറിന് താങ്ങാനാകാത്ത തുകയാണിത്.
ഏഴംകുളം പഞ്ചായത്തില്‍നിന്ന് കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് പലതവണ അപേക്ഷ നല്‍കിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് ബഷീര്‍ പറയുന്നു. വെള്ളം ലഭിക്കാത്തതിനാല്‍ പാടം നോക്കി നില്ക്കാനല്ലാതെ മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയിലാണ്.
ഒരുകാലത്ത് പകലും രാത്രിയും വ്യത്യാസമില്ലാതെ പാടത്തായിരുന്നു ബഷീര്‍. പകല്‍ കൃഷിപ്പണിയും രാത്രിയില്‍ കാട്ടുപന്നികളില്‍നിന്ന് കൃഷിയെ സംരക്ഷിക്കാനുള്ള കാവലും. ഒമ്പത് ഏക്കറോളം പാട്ടത്തിനെടുത്ത് ഒറ്റയ്ക്ക്ണ് കൃഷി ചെയ്യുന്നത്. കൊയ്ത്തിനും യന്ത്രസഹായം ആവശ്യമായ ജോലികള്‍ക്കും മാത്രമാണ് പുറമേനിന്ന് സഹായം തേടിയിരുന്നത്.
കൃഷിയില്‍ ലാഭനഷ്ടം വിഷയമല്ല
നെല്‍കൃഷി ബഷീറിന് ഉപജീവനമാര്‍ഗം മാത്രമല്ല.നഷ്ടമായാലും ലാഭമായാലും കൃഷിയുമായി മുന്നോട്ടുപോകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മികച്ച വിളവ് ലഭിക്കുമ്പോഴുള്ള സന്തോഷം സാമ്പത്തിക നേട്ടത്തില്‍ മാത്രമല്ല. പച്ചപിടിച്ച വയലും നിറഞ്ഞുനില്ക്കുന്ന നെല്ക്കതിരുകളും കൊയ്ത്തിനുശേഷമുള്ള കതിരിന്റെ മണവുമാണ് ബഷീറിന്റെ സന്തോഷം.
കഴിഞ്ഞ തവണ ഒന്‍പതര ടണ്‍ നെല്ലാണ് സപ്ലൈകോയ്ക്ക് നല്‍കിയത്.
കൃഷിയോടൊപ്പം പശുവളര്‍ത്തലും ബഷീര്‍ നടത്തുന്നുണ്ട്. കൃഷിയെക്കുറിച്ച് പഠിക്കാന്‍ താത്പര്യമുള്ളവരും വിദ്യാര്‍ഥികളും അദ്ദേഹത്തെ സമീപിക്കാറുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെ കൃഷിയുടെ രീതികളും പ്രായോഗിക വശങ്ങളും അവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.
കൃഷി ചെയ്യാനുള്ള മനസും അധ്വാനിക്കാനുള്ള കരുത്തും ഇപ്പോഴും ബഷീറിനുണ്ട്. ഇല്ലാത്തത് പാടത്തേക്കെത്തിക്കാനുള്ള വെള്ളം മാത്രം. 465 കിലോ വിത്ത് പാടത്തിറക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഈ കര്ഷകന്. വിത്തിന്റെ കാലാവധി അവസാനിക്കാറായിട്ടും മഴ പെയ്യുമെന്നും വെള്ളം ലഭിക്കുമെന്നും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.
ഭാര്യ ഷെരീബ ബീവി എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. പോലീസുകാരനായ മകന് ബി. ഷെബീഖും ഒഴിവുസമയങ്ങളില്‍ കൃഷിയിടത്തിലെത്തി പിതാവിനെ സഹായിക്കും.