പന്തടിക്കളം ഉന്നതിക്കു സമീപത്തെ കൈയേറ്റ ഭൂമിയിലെ വൈദ്യുതിവേലി ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കുന്നു.
ഇടുക്കി: പന്തടിക്കളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതിനു പിന്നാലെ നടപടി കടുപ്പിച്ച് വനംവകുപ്പ്. പന്തടിക്കളം ഉന്നതിക്കു സമീപം കൈയേറിയ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത വൈദ്യുതിവേലികള്‍ ഇന്നലെ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചു. ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലായി നിരവധി അനധികൃത സോളാര്‍ വേലികളാണ് നീക്കം ചെയ്തത്. കഴിഞ്ഞ 22ന് പന്തടിക്കളം ഉന്നതിയില്‍ കാട്ടാന ആക്രമണത്തില്‍ വിജയന് (53) മരിച്ചതിനു പിന്നാലെയാണ് നിര്‍ണായക നടപടി.
ആനത്താരകള്‍ കൈയേറി എസ്റ്റേറ്റുകള്‍ വേലികെട്ടി അടച്ചതും വൈദ്യുത വേലികള്‍ സ്ഥാപിച്ചതുമാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നതെന്ന് ഉന്നതി നിവാസികളും മൂപ്പനും സര്‍വകക്ഷി യോഗത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ആനത്താരകളിലെ അനധികൃത നിര്‍മാണങ്ങളും ഫെന്‍സിംഗും പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗും മറ്റുനിര്മിതികളും പൊളിച്ചുനീക്കിയത്.
ആര്‍എസ് എസ്റ്റേറ്റ് മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി സ്ഥാപിച്ച ഫെന്‍സിംഗുകളും നീക്കം ചെയ്തു. ശാന്തന്‍പാറ പഞ്ചായത്തില്‍ ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അനധികൃതമായി ഏലം കൃഷി ചെയ്ത് സ്ഥാപിച്ചിരുന്ന സോളാര്‍ വേലികളും മുറിച്ചുമാറ്റി. മതികെട്ടാന്‍ ഭാഗത്തുനിന്നു ദേശീയപാത 85 കടന്ന് ചിന്നക്കനാല്‍ മേഖലയിലേക്കു കാട്ടാനകള്‍ ഇറങ്ങുന്ന ഭാഗത്തെ അനധികൃത സോളാര്‍ വേലികളും നീക്കം ചെയ്തു.
മൂന്നാര്‍ ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജെ. ജയന്, ചിന്നക്കനാല്‍ ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ ബോഡിമെട്ട്, പൊന്മുടി, ചിന്നക്കനാല്‍ സെക്ഷനുകളിലെ വനംവകുപ്പ് ജീവനക്കാരാണ് വേലികള്‍ മുറിച്ചുനീക്കി ആനത്താര പുനഃസ്ഥാപിച്ചത്. നടപടിയുടെ വിശദമായ റിപ്പോര്‍ട്ട് മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍, ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് കൈമാറും.
പൊളിച്ചുനീക്കുന്നത് അനധികൃത വൈദ്യുതി വേലികള്‍: മന്ത്രി
ഇടുക്കി: ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നു ചിന്നക്കനാലില്‍ പൊളിച്ചുനീക്കുന്നത് ആനത്താരകള്‍ തടഞ്ഞുള്ള അനധികൃത വൈദ്യുതി വേലികള്‍ മാത്രമാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.
ഇടുക്കി കളക്ടറേറ്റില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
ജില്ലാകളക്ടര്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് വിവാദമായതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്ആശങ്കയുടെ ആവശ്യമില്ല. അനധികൃതമായി നിര്‍മിച്ചിട്ടുള്ളതും കൈയേറി നിര്‍മിച്ചിട്ടുള്ളതുമായ വൈദ്യുതി വേലികളും മറ്റുതടസങ്ങളുമാണ് നീക്കം ചെയ്യുന്നത്.
ചില വന്‍കിട റിസോര്‍ട്ടുകളടക്കം ആനത്താരകളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കളക്ടറുടെ ഉത്തരവില്‍ ഇടുക്കി രൂപതയ്ക്കുള്ള ആശങ്ക പരിഹരിക്കും. മൂന്നാര്‍ മേഖലയിലെ കാട്ടാനശല്യത്തിനു ശാശ്വതപരിഹാരം കാണുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കും. ആവശ്യമെങ്കില്‍ പ്രശ്നക്കാരായ ആനകളെ ഇവിടെനിന്നു നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.