മുണ്ടക്കയം: വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മുണ്ടക്കയത്ത് സബ് ട്രഷറിക്കായി പുതിയ കെട്ടിടം നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല.
മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 1.75 കോടി രൂപ ചെലവിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നാണ് സബ് ട്രഷറിക്കായി ബഹുനില കെട്ടിടം നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടി രണ്ട് നിലകളായി 2,700 ചതുരശ്ര വിസ്തൃതിയിലാണ് കെട്ടിടം പൂർത്തിയാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 26ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നടത്തി. എന്നാൽ, നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും പുതിയ കെട്ടിടത്തിലേക്ക് സബ് ട്രഷറി മാറിയില്ല.
അസൗകര്യങ്ങളുടെ
നടുവിൽ ട്രഷറി
നിലവിൽ കൂട്ടിക്കൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് മുണ്ടക്കയം സബ് ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ പടികൾ കയറിവേണം ഉപഭോക്താക്കൾക്ക് ഓഫീസിൽ എത്താൻ. പെൻഷൻ വാങ്ങാൻ എത്തുന്ന വയോജനങ്ങളെയാണ് ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നത്.
തുടരുന്ന നൂലാമാലകൾ
പുതിയ കെട്ടിടത്തിന് പഞ്ചായത്തിന്റെ ലൈസൻസ് ലഭിക്കണമെങ്കിൽ നിർമാണം പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് വേണം. കെട്ടിടനമ്പരും ലഭിക്കേണ്ടതുണ്ട്. കൂടാതെ കംപ്യൂട്ടറുകൾ വയ്ക്കുന്ന കബോർഡുകൾ നിർമിച്ചതിൽ അപാകത ഉള്ളതായും ആരോപണമുണ്ട്. ഇത്തരം നൂലാമാലകളിൽ കുടുങ്ങിയാണ് പുതിയ കെട്ടിടത്തിൽ ട്രഷറി പ്രവർത്തനം ആരംഭിക്കാതിരിക്കുന്നത്.
Tags : Mundakayam Nattuvishesham district news