പ്രതീകാത്മക ചിത്രം
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയിൽ സിപിഎം മുഖംമിനുക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണൂരിലും ഫണ്ട് തട്ടിപ്പ്. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലാണ് ക്രമക്കേട് നടത്തിയത്. പരാതി സംബന്ധിച്ച് പാർട്ടിയുടെ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോക്കൽ സെക്രട്ടറിയെ പുറത്താക്കി.
കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശനെയാണ് പുറത്താക്കിയത്. പകരം ഏരിയാ കമ്മിറ്റി അംഗം പി. പ്രശാന്തന് ചുമതല നൽകി. പാർട്ടി അന്വേഷണകമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിനുശേഷം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ഉൾപ്പടെ ജില്ലയിലെ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് നടപടി അംഗീകരിച്ചത്.
മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ നിർമിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് പാർട്ടിയുടെ കണ്ടെത്തല്‍. ഓഫീസ് നിര്‍മാണത്തിനായി നടത്തിയ ഫണ്ട് സ്വരൂപണത്തിന്റെ കണക്കളുകൾ പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്.
ടൗണ്‍ ബാങ്കിലെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ജീവനക്കാരില്‍നിന്ന് പിരിച്ച ഭീമമായ തുകയിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.ഓഫീസ് നിര്‍മാണത്തിനായി ബംബര്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സമ്മാന പദ്ധതി സംബന്ധിച്ചും ആരോപണങ്ങളുണ്ട്. അതേ സമയം നേതാക്കളുടെ അറിവോടെയാണ് ക്രമക്കേടെന്നും പാർട്ടിപ്രവർത്തകർ ചിലർ നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിച്ചു.