കേരള കോൺഗ്രസ് - എം
ചെറുതോണി : സംസ്ഥാനത്ത് പ്രത്യേകിച്ച്, ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നു കേരള കോൺഗ്രസ് - എം ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. സർക്കാർ അധികാരത്തിലെത്തി നാലു മാസത്തിലേറെ പിന്നിട്ടിട്ടും വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
ഇടുക്കി ജില്ലയിൽ കഴിഞ്ഞ മാസങ്ങളിലായി വിവിധ പ്രദേശങ്ങളിൽ കാട്ടാനകളുടേതുൾപ്പെടെയുള്ള വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുകയാണ്.
വന്യജീവി ആക്രമണം തടയുമെന്ന പ്രഖ്യാപനങ്ങളോടെ അധികാരത്തിലെത്തിയ സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നത് കൃത്യമായ ഇടപെടലുകളായിരുന്നു. എന്നാൽ, ആക്രമണം ഉണ്ടായശേഷം നഷ്ടപരിഹാരവും താത്കാലിക നടപടികളും പ്രഖ്യാപിക്കുന്നതിലുപരി വന്യജീവികൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുള്ള ശാശ്വത സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
വനാതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുക, തകരാറിലായ സൗരോർജ വേലികളും വൈദ്യുതി വേലികളും അടിയന്തരമായി പുനഃസ്ഥാപിക്കുക, വന്യജീവികളുടെ സഞ്ചാരപാതകൾ കണ്ടെത്തി മുൻകരുതൽ സ്വീകരിക്കുക, ജനങ്ങൾക്ക് സമയബന്ധിതമായി മുന്നറിയിപ്പ് നൽകുക തുടങ്ങിയ നടപടികൾ ശക്തമായി നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് - എം ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ മുൻ മന്ത്രി റോഷി അഗസ്റ്റിൻ, പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, അഡ്വ. മനോജ് എം. തോമസ്, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ജയിംസ് മ്ലാക്കുഴിതുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews wildlife