വെള്ളക്കെട്ട് പരിഹരിക്കാൻ പഞ്ചായത്ത് സെക്രട്ടറി പി.കെ. പത്മകുമാർ ചാലുകീറുന്നു.
ഒറ്റപ്പാലം: ഗ്രാമപഞ്ചായത്ത് ഓഫീസിനുമുമ്പിൽ രൂക്ഷമായ വെള്ളക്കെട്ട്, പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് സെക്രട്ടറിതന്നെ തൊഴിലാളിയായി. ഒറ്റപ്പാലം- ചെർപ്പുളശേരി റോഡിൽ തൃക്കടീരി പഞ്ചായത്തിന് സമീപമാണ് കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇരുചക്രവാഹന യാത്രക്കാർക്കു ഉൾപ്പെടെ വെള്ളക്കെട്ട് ഭീഷണിയായപ്പോൾ പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് സെക്രട്ടറി പി.കെ. പത്മകുമാർതന്നെ രംഗത്തിറങ്ങുകയായിരുന്നു.
അവധി ദിവസമായതിനാൽ ജോലിക്കാരെ ആരെയും ലഭിക്കാത്ത സാഹചര്യമായിരുന്നു. വെള്ളക്കെട്ട് കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യം നിലവിൽ വന്നതോടുകൂടിയാണ് ആയുധങ്ങളുമായി പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് സെക്രട്ടറിതന്നെ തൊഴിലാളിവേഷം അണിഞ്ഞത്. റോഡിൽ കെട്ടിക്കിടന്ന വെള്ളം സമീപമുള്ള ചാലുകളിലേക്ക് ഒഴുക്കുന്നതിനു വേണ്ടി നീളത്തിൽ ചാലുകൾ കീറിയാണ് വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചത്.
Tags : Nattuvishesham Districtnews Secretary steps