പാലാ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ്, സാനിറ്ററി നാപ്കിന് ഇന്‍സിനറേറ്റർ വിതരണപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജില്‍ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്പറേഷന് ചെയര്മാന് അഡ്വ. റെജി സക്കറിയ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു.
വിവിധ കോളജുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും കുടുംബശ്രീ യൂണിറ്റുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ടു കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്ത് 316 സ്കൂളുകളില്‍ സാനിട്ടറി നാപ്കിന് ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. സ്കൂള്‍-കോളജ് വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവർക്ക് 1,80,995 മെന്‍സ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്യും.
നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.എസ്. ഷൈന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ അഞ്ജു ജോസ്, ഷെഫി ജോണ്‍, ജൈന ജയിംസ്, ജ്യോതിലക്ഷ്മി, വിമണ്‍സ് സെല്‍ പ്രസിഡന്റ് അലീന തോമസ്, അസിസ്റ്റന്റ് ഡീന്‍ ശില്പ മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham Haritha Keralam Mission