പ്രതീകാത്മക ചിത്രം
കോഴിക്കോട്: മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ(മിഷ്) നേതൃത്വത്തില്‍ ഹാര്‍മണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ ഭാഗമായി 25, 26, 27 തീയതികളില്‍ മാനാഞ്ചിറ സിഎസ്ഐ കത്തീഡ്രല്‍ ഹാളില്‍ ഫോട്ടോ-വീഡിയോ പ്രദര്‍ശനം, മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ഹെറിറ്റേജ് വാക്ക്, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മത്സരങ്ങള്‍, കലാ സാംസ്കാരിക പരിപാടികള്‍ എന്നിവ നടക്കും.
25ന് രാവിലെ 10.30ന് സിഎസ്ഐ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഫോട്ടോ എക്സിബിഷനും വീഡിയോ പ്രദര്‍ശനവും മേയര്‍ ഒ. സദാശിവന് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന ഹാര്‍മണി ഫെസ്റ്റിവല്‍ കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വേദങ്ങളുടെ ഉള്‍സാരം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
26ന് രാവിലെ 10 മണിക്ക് മതവും മാനവികതയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗം, പ്രബന്ധം, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.
27ന് വൈകുന്നേരം മൂന്ന് മണി മുതല്‍ വിവിധ കലാപരിപാടികളും സാബി തെക്കേപുറത്തിന്റെ നേതൃത്വത്തില്‍ ഈണവും ഇശലും എന്ന പേരില്‍ കലാപരിപാടി നടക്കും. വൈകീട്ട് 4.30ന് ഹാര്‍മണി ഫെസ്റ്റിന്റെ സമാപന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനദാനം നടക്കും. കെ. ജയന്ത് എംഎല്‍എ, വിവിധ മത സാമുദായിക നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മിഷ് പ്രസിഡന്റ് പി.വി. ചന്ദ്രന്, ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, മുസ്തഫ മൊഹമ്മദ്, ഡോ. കെ. മൊയ്തു, പുത്തൂര്‍മഠം ചന്ദ്രന്, പൊഫ. പി. പദ്മനാഭന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Harmony Fest