ഇടമലയാർ ഡാമിന്റെ സൈറ്റിൽ നിന്നുള്ള കാഴ്ച.
കോതമംഗലം: പരക്കെ മഴ കുറഞ്ഞെങ്കിലും വ്യഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനാൽ ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം. മൂന്ന് മണിക്കൂറില്‍ 1.98 എംസിഎം വെള്ളം ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 24 മണിക്കൂറിനിടെ ഇടമലയാര്‍ ഡാമില്‍ 1.7 മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു.
ഇന്നലത്തെ കണക്കുപ്രകാരം ജലനിരപ്പ് 147.96 മീറ്റര്‍ ആണ്.
ശനിയാഴ്ച 146.26 മീറ്ററായിരുന്നു ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണശേഷി 169 മീറ്ററാണ്. കാലവര്‍ഷം കണക്കിലെടുത്ത് ഡാം തുറക്കാന്‍ മുന്നറിയിപ്പായി ക്രമീകരിച്ചിരിക്കുന്ന അപ്പര്‍ റൂള്‍ കര്‍വ് 162.50 മീറ്ററാണ്. ഈ അളവില്‍ ജലനിരപ്പ് എത്താന്‍ 14.54 മീറ്റര്‍ കൂടി ഡാമിലേക്ക് വെള്ളം എത്തണം.
ഭൂതത്താന്‍കെട്ട് ഡാമിന്റെ 14 ഷട്ടറും തുറന്നിരിക്കുകയാണ്. ഷട്ടറുകള്‍ കൂടുതല്‍ അളവില്‍ ഉയര്‍ത്തി പുറത്തേക്ക് കൂടുതല്‍ ജലം ഒഴുക്കുന്നുണ്ട്. 14 ഷട്ടറും 7 മീറ്റര്‍ വീതം ആണ് ഉയര്‍ത്തിയിരിക്കുന്നത്. ഡാമില്‍നിന്ന് പെരിയാറിലേക്ക് സെക്കൻഡില്‍ 1376 ക്യുമെക്സ് വെള്ളമാണ് ഒഴുക്കുന്നത്. ഡാമിലെ ജലനിരപ്പ് 29.5 മീറ്ററാക്കി ക്രമീകരിച്ചിരിക്കുകയാണ്.