പ്രതീകാത്മക ചിത്രം
മലപ്പുറം: ജില്ലയിൽ നാല് ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. നാല് വാർഡുകളിലായി ആകെയുള്ള 6151 വോട്ടർമാരിൽ 4471 പേർ വോട്ട് രേഖപ്പെടുത്തി. നാല് വാർഡുകളിലെ മൊത്തം പോളിംഗ് 72.69 ശതമാനമാണ്. വേങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡ് (പൂങ്കുടായ), മങ്കടയിലെ നാലാം വാർഡ് (കടന്നമണ്ണ), കാലടിയിലെ 12-ാം വാർഡ് (വെറൂർ), താനാളൂരിലെ ഒന്നാം വാർഡ് (മൂലക്കൽ) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വേങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് പൂങ്കുടായയിൽ 64.21 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1682 വോട്ടർമാരിൽ 1080 പേരാണ് വോട്ട് ചെയ്തത്.
താനാളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മൂലക്കലിൽ 69.97 ശതമാനം പേർ വോട്ട് ചെയ്തു. ആകെയുള്ള 1585 വോട്ടർമാരിൽ 1109 പേർ വോട്ട് രേഖപ്പെടുത്തി. മങ്കട ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കടന്നമണ്ണയിൽ 81.27 ശതമാനമാണ് പോളിംഗ്. 1500 വോട്ടർമാരിൽ 1219 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കാലടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് വെറൂരിൽ 76.81 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ആകെയുള്ള 1384 വോട്ടർമാരിൽ 1063 പേർ വോട്ട് ചെയ്തു.