തൊടുപുഴ: മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ 23നു വൈകുന്നേരം ആറിന് തൊടുപുഴ ടൗണില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേരി ആലപ്പാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. കരോള്‍ പരിപാടിയില്‍ 500ഓളം പേര് പങ്കെടുക്കും. കരോളില്‍ വാഹനത്തില്‍ പ്രത്യേകം തയാറാക്കിയ ഫ്ളോട്ടുകളും അവതരിപ്പിക്കും.
തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന കരോള്‍ വികാരി ഫാ. ജോസ് പൊതൂര്‍ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് സ്ക്വയര്‍, സിവില്‍ സ്റ്റേഷന്, മാര്‍ക്കറ്റ് റോഡ്, മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വഴി ഹോളിഫാമിലി ആശുപത്രിയില്‍ സമാപിക്കും. മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ സമാപന സന്ദേശം നല്‍കും.
ക്രിസ്മസിനോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 50 വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സാസഹായവും 50 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും നടത്തും. പത്രസമ്മേളനത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോളി ജോര്‍ജ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ജോസി, കോ-ഓര്‍ഡിനേറ്റര്‍ അനൂപ് പി. ജോസ് എന്നിവര്‍ പങ്കെടുത്തു.