കോഴഞ്ചേരി: പാചകവാതകത്തിന് അടിക്കടിയുണ്ടാകുന്ന അനിയന്ത്രിതമായ വില വര്‍ധനമൂലം ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു.
പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില കൂടിയത്. ചായയുടെ ഇപ്പോഴത്തെ വില 15 രൂപയായി. ചെറുകടികള്‍ക്കും ഇതേ നിരക്കുതന്നെ. 10 -12 രൂപയില്‍ നിന്നാണ് ഒറ്റയടിക്ക് 15ലേക്ക് വില ഉയര്‍ന്നത്. കാപ്പി കുടിക്കണമെജില്‍ 22 - 25 രൂപ നല്‍കണം.
നേരത്തേ ബ്രൂ കോഫിക്ക് 20 രൂപയായിരുന്നു ഉണ്ടായിരുന്നത്. പൊറോട്ടയ്ക്ക് 13 മുതല്‍ 16 വരെയാണ് വില. ചപ്പാത്തിക്ക് രണ്ട് മുതൽ അഞ്ചു രൂപ വരെ വിലകൂടി. ഊണ്, ബിരിയാണി എന്നിവയ്ക്ക് 10 മുതല്‍ 20 ശതമാനം വരെയാണ് വര്‍ധന. ഊണിനൊപ്പം നല്കുന്ന വിഭവങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബിരിയാണിക്ക് 20 മുതല്‍ 40 രൂപ വരെയാണ് വർധിച്ചത്.
ടൗണുകളിലും മറ്റും ഒറ്റയ്ക്കും കൂട്ടായും ജോലിക്കു നില്‍ക്കുന്നവരെയാണ് വില വര്‍ധന ബാധിച്ചിരിക്കുന്നത്. നേരത്തേ അല്പം വില കൂട്ടിയും സമാന്തരമായി വിറക് ഉപയോഗിച്ചുമൊക്കെ ഹോട്ടലുകള്‍ പിടിച്ചുനില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് എണ്ണക്കമ്പനികള്‍ രണ്ടും മൂന്നും തവണ വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത്. ഇതോടെയാണ് വില വര്‍ധന വരുത്താതെ പിടിച്ചു നില്ക്കാനാവില്ലെന്ന സ്ഥിതി ഉണ്ടായതെന്ന് കോഴഞ്ചേരി ആര്യാസ് ഹോട്ടല്‍ ഉടമ എം.കെ. മുരുകന് പറഞ്ഞു.
പാചക വാതകത്തിന് പുറമേ പാല്, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയ്ക്കും വില കൂടി. എന്നാല്‍ സിലിണ്ടര്‍ പ്രതിസന്ധി മറയാക്കി വിറകിനും ഇപ്പോള്‍ വില കൂട്ടിയതായി ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഒരു അട്ടി വിറകിന്റെ വില 1000 രൂപയില്‍ നിന്ന് 3000 വരെയാണ് കൂടിയത്. ഇന്‍ഡക്ഷന്‍ രീതിയില്‍ പാചകം ചെയ്യുന്നത് നഷ്ടമായതിനാല്‍ അതും പ്രായോഗികമല്ല. ടൗണുകളില്‍ തൊഴിലിന് എത്തുന്നവര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടിയതോടെ ഹോട്ടലുകളില്‍ തിരക്കും കുറഞ്ഞു.
പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങി 65 ദിവസത്തിനിടെ വാണിജ്യ സിലിണ്ടര്‍ വിലയില്‍ 1303 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ രണ്ടിനാണ് വില കൂട്ടിയത്. നിലവില്‍ 19 കിലോഗ്രാം സിലിണ്ടറിന് 3200 രൂപ നല്‍കണം. യുദ്ധത്തിന് മുന്‍പ് 1610 ആയിരുന്നു വില.
Tags : Local News Nattuvishesham Pathanamthitta