പാലത്തിന്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിലായ നിലയില്‍.
കൊല്ലപ്പള്ളി: ഈ ചെറിയ പാലത്തില്‍ എന്നും രണ്ടു വീപ്പകള്‍ കാണാം. ഒരു വശം ഇടിഞ്ഞത് നന്നാക്കുമ്പോള്‍ മറുവശം ഇടിയും. കവലവഴിമുക്ക് - മങ്കര -പ്രവിത്താനം റോഡിലെ പുളിച്ചമാക്കല്‍ പാലത്തിന്റെ ഗതികേടാണിത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാലം പൊളിച്ചു പണിയണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഇതുവരെ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.
അഞ്ചു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഒരു ഭാഗം ഇപ്രാവശ്യമുണ്ടായ വെള്ളപ്പൊക്കത്തില്‍ തകരുകയായിരുന്നു. പിന്നെ അപകടഭീഷണി ഒഴിവാക്കാന്‍ വീപ്പ സ്ഥാപിച്ചു. റോഡ് ക്ലോസ്ഡ് എന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതോടെ ഭാരവാഹനങ്ങളുടെ ഗതാഗതവും നിലച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ഗതാഗതം നിരോധിച്ചതായി കാണിച്ച് കൊല്ലപ്പള്ളി ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ ഓട്ടോറിക്ഷ ഇടിച്ചുമറിഞ്ഞ സംഭവവുമുണ്ടായി. ഏതാനും നാള് മുമ്പ് പാലത്തിന്റെ മറുഭാഗത്ത് ഒരു വശം ഇടിഞ്ഞു. ഇത് മാസങ്ങള്‍ക്കു ശേഷം നന്നാക്കി. എന്നാല്‍, ഈ ഭാഗം തള്ളി നില്‍ക്കുകയാണ്. ശാശ്വത പരിഹാരമായി പാലം പൊളിച്ചു പണിതേ മതിയാവൂവെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിന്റെ കല്‍ക്കെട്ടുകള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മുമ്പ് എംപിയും എംഎല്‍യും ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പാലം സന്ദര്‍ശിക്കുകയും ശോച്യാവസ്ഥ ബോധ്യപ്പെട്ടതിനാല്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
കടനാട് -ഭരണങ്ങാനം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കടന്നുപോകുന്നതാണ് ഈ പാലം. പാലത്തിന്റെ ഒരു വശത്ത് പാലം ചേര്‍ന്ന് 50 മീറ്ററോളം ഭാഗം മാത്രം കരൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ്.തൊടുപുഴ, കൂത്താട്ടുകുളം പ്രദേശങ്ങളില്‍നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്.
Tags : NattuVishesham DistricteNews