വടക്കഞ്ചേരി: മഴ ശക്തിപ്പെടുംമുമ്പേ വടക്കഞ്ചേരി- വാണിയംപാറ ആറുവരി ദേശീയപാതയിൽ മണ്ണിടിച്ചിലും കല്ലുവീഴ്ചയും തുടങ്ങി.
ഇന്നലെ പന്തലാംപാടത്തിനടുത്ത് ചെമ്മണ്ണാംകുന്നിൽ പതിനഞ്ചടി ഉയരത്തിൽനിന്നും വലിയതോതിലുള്ള മണ്ണിടിച്ചിലും വലിയ പാറക്കല്ല് റോഡിലേക്കു വീഴുന്ന സ്ഥിതിയുമുണ്ടായി. വാഹനങ്ങൾ വേഗത കുറഞ്ഞുപോകുന്ന ഇടതുഭാഗത്തെ മൂന്നാമത്തെ ട്രാക്കിലേക്കാണ് കല്ലുംമണ്ണും വീണത്. ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. തൃശൂർ ലൈനിലാണ് മണ്ണിടിച്ചിലുണ്ടായത്.
കൂടുതൽ ആളുകൾ കൂടുംമുമ്പേ കരാർകമ്പനി ജെസിബി ഉപയോഗിച്ച് മണ്ണുംകല്ലുംമാറ്റി അശാസ്ത്രീയമായ പാതനിർമാണം മൂലമുണ്ടായ പിഴവുകൾ വീണ്ടും മറച്ചുവച്ചു.
മഴ ശക്തിപ്പെട്ടാൽ ഇവിടെ വലിയതോതിൽ ഇനിയും മണ്ണിടിച്ചിലും അപകടസാധ്യതയുമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സർവീസ് റോഡ് ഇല്ലാത്ത ഭാഗമാണിത്. ഇതിനാൽ വലിയ കല്ലു വീഴുന്നതു വാഹനങ്ങൾ പാഞ്ഞുപോകുന്ന ദേശീയപാതയിലേക്കാകും. പാലക്കാട് ലൈനിൽ പന്നിയങ്കര സ്കൂളിനു സമീപവും മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലമാണ്. കുന്നിടിക്കൽ നടക്കുന്ന തേനിടുക്കാണ് മറ്റൊരു അപകട മേഖല. ഇവിടെ പാലക്കാട് ലൈനിലും തൃശൂർ ലൈനിലും അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇവിടെ തൃശൂർലൈനും അപകടമുനമ്പാണ്. 25 അടിയോളം ഉയരത്തിലാണ് ഇവിടെ പാറക്കൂട്ടങ്ങൾ മുകളിൽ നിൽക്കുന്നത്. ഇതിനു താഴെ ഷെഡുകൾ കെട്ടി പല കച്ചവടങ്ങളും നടക്കുന്നുണ്ട്. ഇവിടെ വാഹന പാർക്കിംഗുമുണ്ട്.
Tags : Nattuvishesham Local News Huge rocks