കട്ടപ്പന നഗരസഭയിലെ കുന്തളംപാറയില്‍ റോയി കെ. പൗലോസ് വോട്ടഭ്യര്‍ഥിക്കുന്നു.
കട്ടപ്പന നഗരസഭയില്‍ ആവേശമായി
റോയിയുടെ പര്യടനം
ചെറുതോണി: ഇടുക്കി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസ് കട്ടപ്പന നഗരസഭയില്‍ പര്യടനം നടത്തി. ഇരുപതേക്കറില്‍നിന്ന് വാദ്യമേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയോടെ ഐടിഐ ജംഗ്ഷന് വഴി സമാപനവേദിയായ മിനി സ്റ്റേഡിയത്തില്‍ എത്തി.
രാവിലെ വാഴവരയില്നിന്നാരംഭിച്ച പര്യടനം എഐസിസി അംഗം ഇ.എം. ആഗസ്തിയും കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴിയും ഉദ്ഘാടനം ചെയ്തു. ഇന്ന് കൊന്നത്തടി പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ 7.30ന് ചിന്നാറില്നിന്നാരംഭിക്കുന്ന പര്യടനം എട്ടിന് മങ്കുവയില്നിന്നാരംഭിക്കും. പനംകുട്ടി, കമ്പിളികണ്ടം, അഞ്ചാം മൈല്‍, കൊന്നത്തടി, കാക്കാസിറ്റി, വിമലസിറ്റി, മരക്കാനം, കൊമ്പൊടിഞ്ഞാല്‍ സൗത്ത്, കൊമ്പൊടിഞ്ഞാല്‍ നോര്‍ത്ത്, മുനിയറ, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, കൈലാസം, പണിക്കന്‍കുടി എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം പാറത്തോട്ടില്‍ സമാപിക്കും. വൈകുന്നേരം നാലുമുതല്‍ ചെറുതോണി ടൗണില്‍ കൊട്ടിക്കലാശം നടക്കും.
ചെറുതോണിയെ ആവേശംകൊള്ളിച്ച്
റോഷിയുടെ റോഡ് ഷോ
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോ ചെറുതോണിയെ ഉത്സവലഹരിയിലാഴ്ത്തി. എല്‍ഡിവൈഎഫിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചെറുതോണി ബസ് സ്റ്റാൻഡില്നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ച റോഡ് ഷോയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ഇന്നലെ അറക്കുളം, ചെറുതോണി, കട്ടപ്പന പ്രദേശങ്ങളിലായിരുന്നു റോഷിയുടെ പ്രചാരണം. അറക്കുളം പഞ്ചായത്തിലെ വലിയമാവ് ഉന്നതിയിലായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് മൂലമറ്റം മേഖലയിലൂടെയായിരുന്നു പ്രചാരണം.
വീടുകള്‍ കയറിയും ചെറിയ കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തും ചെറുതോണി, കട്ടപ്പന ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ക്കാണുന്ന തിരക്കിലായിരുന്നു അദ്ദേഹം.
സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം വൈകിട്ടോടെ മുരിക്കാശേരിയില്‍ നടന്ന വനിതാ പാര്‍ലമെന്റിലും പങ്കെടുത്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവേള യോഗം ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിലാണ് കൊട്ടികലാശം.
രതീഷ് പ്രഭ കാഞ്ചിയാറില്‍
പര്യടനം നടത്തി
ചെറുതോണി: ഇടുക്കി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രതീഷ് പ്രഭ കാഞ്ചിയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. ഞായറാഴ്ച രാവിലെ കട്ടപ്പന അമര്‍ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം തോട്ടം മേഖലയായ മേപ്പാറയില്നിന്നാണ് പര്യടനം ആരംഭിച്ചത്. തോട്ടം തൊഴിലാളിള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരെ നേരില്‍ക്കണ്ട് കാഞ്ചിയാര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം പര്യടനം ചെറുതോണിയിൽ സമാപിച്ചു.
Tags : Idukki Constituency nattuvishesham local news