ഇടുക്കി രൂപത
കരിമ്പൻ: ജില്ലയെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും നാളെ ജില്ലയിൽ എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് മലയോര ജനത കാണുന്നതെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ. അവകാശങ്ങൾ നിഷേധിക്കപ്പെട്ട് ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ജനതയായി ഇടുക്കിയിലെ ജനത മാറിക്കൊണ്ടിരിക്കുകയാണ്. ഇടുക്കിയെ കൈപിടിച്ചുയർത്താൻ സർക്കാർ തയാറാകണം.
ഇഎസ്എയിൽ
ഈ നാടിനെ ഇല്ലാതാക്കരുത്
പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും ജലസ്രോതസുകളും വനസമ്പത്തും സംരക്ഷിക്കേണ്ടത് നിർണായക ഉത്തരവാദിത്വമാണെന്ന് ഇടുക്കി രൂപത പൂർണമായി അംഗീകരിക്കുന്നു. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ പതിറ്റാണ്ടുകളായി നിയമാനുസൃതമായി താമസിക്കുകയും കൃഷി ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന ജനങ്ങളുടെ വീടുകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, ചെറുകിട വ്യാപാര-ഉപജീവന കേന്ദ്രങ്ങൾ എന്നിവയെ വ്യക്തമായ സ്ഥലപരിശോധന കൂടാതെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്നത് നീതിയുക്തമല്ല. അതിനാൽ കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കരട് വിജ്ഞാപനത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണം.
ഇടുക്കിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുക്കണം
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം 4,612 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇടുക്കിയിൽ പകുതിയിലധികം പ്രദേശം വനമേഖലയാണ്. ശേഷിക്കുന്ന ഭൂഭാഗങ്ങളിൽ വലിയൊരു ഭാഗം കൃഷി, തോട്ടവിളകൾ, ചെറുകിട വ്യാപാരം, വിനോദസഞ്ചാരം, മൃഗസംരക്ഷണം, അനുബന്ധ തൊഴിൽ മേഖലകൾ എന്നിവയെ ആശ്രയിച്ചുള്ള ജനവാസമാണ്. കുരുമുളക്, ഏലം, കാപ്പി, തേയില, കൊക്കോ, റബർ, പച്ചക്കറി തുടങ്ങിയ കൃഷികൾ ജില്ലയുടെ സമ്പദ് വ്യവസ്ഥയുടെയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന്റെയും അടിത്തറയാണ്.
വനപരിധിയോടു ചേർന്ന് ചെറുചെറു ജനവാസങ്ങളും കൃഷിയിടങ്ങളും ഇടകലർന്നുകിക്കുന്ന ഇടുക്കിയുടെ ഭൂവിനിയോഗ സ്വഭാവം സമതല പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമാണ്. വില്ലേജ് അതിർത്തി മാത്രം അടിസ്ഥാനമാക്കിയുള്ള അടയാളപ്പെടുത്തൽ, വനഭൂമിയും മനുഷ്യവാസവും തമ്മിലുള്ള യഥാർഥ വ്യത്യാസം പ്രതിഫലിപ്പിക്കണമെന്നില്ല. സർവേ നമ്പർ അടിസ്ഥാനത്തിലുള്ള ഭൂപടവും നേരിട്ടുള്ള സ്ഥലപരിശോധനയും ഇല്ലാതെ ഒരു പ്രദേശത്തെ മുഴുവനായി ഇഎസ്എ പരിധിയിലാക്കുന്നത് അനാവശ്യമായ ആശങ്കയും രണപരമായ അനിശ്ചിതത്വവും സൃഷ്ടിക്കും.
നിലവിലെ വില്ലേജ്-അധിഷ്ഠിത അടയാളപ്പെടുത്തലിനു പകരം കഡസ്ട്രൽ സർവേ നമ്പർ അടിസ്ഥാനത്തിലുള്ള ഉയർന്ന റെസല്യൂഷൻ ഉപഗ്രഹചിത്രങ്ങളും റവന്യു-വനം രേഖകളും സ്ഥലപരിശോധനയും സംയോജിപ്പിച്ച ജിയോ-റഫറൻസ്ഡ് ഭൂപടം തയാറാക്കണം.
പഞ്ചായത്തുകൾ, ഗ്രാമസഭകൾ, കർഷക സംഘടനകൾ, മത-സാമൂഹിക സ്ഥാപനങ്ങൾ, ഭൂവുടമകൾ, ശസ്ത്രജ്ഞർ, റവന്യൂ-വനം ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തത്തോടെ ഓരോ ബാധിത പ്രദേശത്തും തുറന്ന ജനശ്രവണവും സംയുക്ത സ്ഥലപരിശോധനയും നടത്തണം.
അന്തിമ അതിർത്തി നിർണയം പൂർത്തിയാകുന്നതുവരെ കരട് ഭൂപടത്തെ അടിസ്ഥാനമാക്കി വീടുനിർമാണം, കെട്ടിട അറ്റകുറ്റപ്പണി, കൃഷി, വായ്പ, ഭൂമി കൈമാറ്റം, ചെറുകിട സംരംഭം, പൊതുപദ്ധതി എന്നിവ തടസപ്പെടുത്തരുതെന്ന് എല്ലാ വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും എഴുത്തുപരമായ നിർദേശം നൽകണം.
ഗ്രാമംതോറുമുള്ള വിശദ മലയാളത്തിലുള്ള ഭൂപടം ഉൾപ്പെടുന്ന സർവേ നമ്പറുകൾ, ഒഴിവാക്കപ്പെടുന്ന മേഖലകൾ, ബാധകമായ നിയന്ത്രണങ്ങൾ, പരാതി സമർപ്പിക്കാനുള്ള രീതി എന്നിവ ഏകജാലക വെബ്പോർട്ടലിലും പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധീകരിക്കണം.
ജില്ലാതലത്തിൽ സമയബന്ധിതമായ പരാതി പരിഹര സമിതി രൂപീകരിച്ച് ഭൂമിയുടമക്ക് തന്റെ സ്ഥലം തെറ്റായി ഉൾപ്പെട്ടതായി തെളിയിക്കാൻ ലളിതവും സൗജന്യവുമായ നടപടിക്രമം ഉറപ്പാക്കണം .
ഖനനം, അത്യന്തം മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങൾ, വലിയ പരിസ്ഥിതി ആഘാതമുള്ള പദ്ധതികൾ എന്നിവയ്ക്കുള്ള നിയന്ത്രണം യഥാർഥ പരിസ്ഥിതി അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ കർശനമായി നടപ്പാക്കുമ്പോഴും സാധാരണ കൃഷി, നിലവിലുള്ള ജനവാസം, പ്രാദേശിക ഉപജീവനം എന്നിവ സംരക്ഷിക്കുന്ന വ്യവസ്ഥകൾ അന്തിമ വിജ്ഞാപനത്തിൽ സംശയരഹിതമായി ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പ്രളയം തുടങ്ങിയ ദുരന്തസാധ്യതകൾക്ക് ഇഎസ്എ എന്ന പൊതുവായ വർഗീകരണം മാത്രം ആശ്രയിക്കാതെ സൂക്ഷ്മ ദുരന്തസാധ്യതാ ഭൂപടം, സുരക്ഷിത നിർമാണ മാനദണ്ഡം, നീരൊഴുക്ക് സംരക്ഷണം, ചെരിവ് സ്ഥിരതാ പഠനം എന്നിവ അടിസ്ഥാനമാക്കിയ പ്രത്യേക ജില്ലാ പ്രവർത്തനപദ്ധതി നടപ്പാക്കണം.
വന്യമൃഗശല്യം
കുടിയേറ്റ കാലത്തെ അതിശയിപ്പിക്കുന്ന തരത്തിലുള്ള വന്യമൃഗ ശല്യമാണ് ഇപ്പോൾ നാടെങ്ങുമുള്ളത്. കൃഷി സാധ്യമല്ലാത്ത വിധത്തിലേക്ക് വന്യമൃഗ ശല്യം മാറിക്കഴിഞ്ഞു. വന്യമൃഗങ്ങളെ വനത്തിൽ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ സർക്കാർ ത്വരിതപ്പെടുത്തണം.
വിശാലമായ ടൂറിസം സാധ്യതകൾ
ധാരാളം വശ്യമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇടുക്കിയിലുണ്ട്. ഇടുക്കിയുടെ ടൂറിസം സാധ്യതകളെ കണ്ടെത്തുന്നതിനുള്ള മാസ്റ്റർ പ്ലാൻ അടിയന്തരമായി തയാറാക്കുകയും അത് കർമപഥത്തിൽ എത്തിക്കുകയും ചെയ്യണം. ടൂറിസത്തിന്റെ വളർച്ച ഇടുക്കിയുടെ സാമ്പത്തിക കുതിപ്പിനും സർക്കാരിന്റെ വരുമാന വളർച്ചയ്ക്കും കാരണമാകും. അടിസ്ഥാനപരമായി ടൂറിസം മേഖലയിലെ വളർച്ചയ്ക്കു തടസമായി നിൽക്കുന്നതും ഇവിടുത്തെ ഭൂ പ്രശ്നങ്ങളാണ്.
ആശങ്കയൊഴിയാത്ത മുല്ലപ്പെരിയാർ
മഴക്കാലം ആകുമ്പോൾ തലപാക്കുകയും പിന്നീട് ശാന്തമാവുകയും ചെയ്യുന്ന ഗൗരവതരമായ വിഷയമാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ. അണക്കെട്ട് ഉയർത്തുന്ന ആശങ്ക വലുതാണെന്ന് രാജ്യാന്തരതലത്തിൽപോലും ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താനും സർക്കാർ മുൻകൈയെടുക്കണം. തമിഴ്നാടിന് ജലവും കേരളത്തിലെ ജനത്തിന് സുരക്ഷയും എന്ന പോളിസി ഉയർത്തിപ്പിടിക്കണം.
കേരളത്തിലെ ജനലക്ഷങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണം. മുല്ലപ്പെരിയാർ ഡാമിൽ ജലമർദ്ദം വർധിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 110 അടിയിൽ സംഭരണം നിർത്തി ശേഷിക്കുന്ന ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കി അവിടെ സംഭരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതാണ് പ്രായോഗികം. രണ്ടു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഒരുമിച്ചിരുന്ന് ചർച്ച നടത്തി പരിഹരിക്കാവുന്നതാണ്. കേരളത്തോട് സൗഹാർദം പുലർത്തുന്ന ഒരു മുഖ്യമന്ത്രി ഇപ്പോൾ തമിഴ്നാട്ടിൽ ഉള്ളപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി ചർച്ചയ്ക്ക് മുൻകൈയെടുക്കണം.
മെച്ചപ്പെടേണ്ട ആരോഗ്യമേഖല
പരിതാപകരമാണ് ഇടുക്കിയിലെ ആരോഗ്യ മേഖല. വിദഗ്ധ ചികിത്സകൾ ലഭ്യമാക്കാനള്ള ഒരു സാധ്യതയും നിലവിൽ ഇടുക്കിയിൽ ഇല്ല. ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇടുക്കിയിൽ ഉണ്ടാവണം. മെഡിക്കൽ കോളജ് ഉണ്ടായെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയുടെ അവസ്ഥ ദയനീയമാണ്. അത്യാധുക സൗകര്യങ്ങളോടുകൂടെ മെഡിക്കൽ കോളജിനെ മെച്ചപ്പെടുത്തണം. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും അടിയന്തമായി വിധഗ്ധരായ ഡോക്ടർമാരെ നിയമിക്കുകയും ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും വേണം.
നവകേരളം നിർമിതിയെ ലക്ഷ്യം വയ്ക്കുന്ന ഈ സർക്കാർ മലയോരത്തെയും കാഷിക മേഖലയെയും പടുത്തുയർത്താൻ ശ്രദ്ധിക്കണം . അതിന് ജനത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Idukki Diocese