രാമന്തളി പാലക്കോട് പുഴയോരത്തെ കൈയേറ്റം റവന്യൂ അധികൃതർ അളന്നു രേഖപ്പെടുത്തുന്നു.
പയ്യന്നൂർ: സ്വകാര്യവ്യക്തി പുഴയോരം കൈയേറി നടത്തിവന്ന അനധികൃത നിർമാണം റവന്യൂ അധികൃതർ തടഞ്ഞു. രാമന്തളി പാലക്കോട് വലിയ കടപ്പുറം റോഡിനു സമീപം പുഴ കൈയേറി നടത്തി വന്ന അനധികൃത നിർമാണമാണ് റവന്യൂ ഉദ്യോഗസ്ഥ സംഘം തടഞ്ഞത്.
പാലക്കോട് പുഴയിലേക്കു ചെങ്കല്ലും മണ്ണും നിക്ഷേപിച്ച് സ്വകാര്യവ്യക്തി പുഴ പുറമ്പോക്ക് സ്ഥലം കൈയേറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു നടപടി.
പഞ്ചായത്തിന്റെ അധീനതയിലുള്ള പുഴയോരം രണ്ടുമീറ്റർ മുതൽ നാലുമീറ്റർ വരെ വീതിയിലും 38 മീറ്റർ നീളത്തിലും കല്ലുകൊണ്ട് ഭിത്തികെട്ടി മണ്ണ് നിക്ഷേപിച്ച് കൈയേറ്റം നടത്തിയിരിക്കുകയായിരുന്നു.
കൈയേറ്റം സംബന്ധിച്ച വിശദമായ റിപ്പോർട്ട് തഹസിൽദാർക്കും രാമന്തളി പഞ്ചായത്ത് സെക്രട്ടറിക്കും നൽകുമെന്ന് വില്ലേജ് ഓഫീസർ എം. പ്രദീപൻ അറിയിച്ചു.
പയ്യന്നൂർ താലൂക്ക് സർവേയർ സതീഷ് ജോയ്, വില്ലേജ് അസിസ്റ്റന്റ് ടി.വി. ചന്ദ്രൻ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തമ്പാൻ എന്നിവരും റവന്യു സംഘത്തിന്റെ പരിശോധനയിൽ പങ്കെടുത്തു.