മലപ്പുറം: കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി വികസന കാര്യങ്ങളിൽ മലപ്പുറം ജില്ല നേരിട്ട കടുത്ത അവഗണനകൾക്കും പിന്നാക്കാവസ്ഥയ്ക്കും അറുതിയാകുമെന്ന പ്രത്യാശയിൽ ജില്ലയിലെ ജനങ്ങൾ. മലപ്പുറം 57-ാം പിറന്നാൾ ആഘോഷ നിറവിൽ നിൽക്കുന്ന ഈ വേളയിൽ ഒട്ടേറെ വികസനം സ്വപ്നം കാണുന്നു.
സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുമുന്പ് ജില്ലയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ് മലപ്പുറം ജില്ലാ വിഭജനം. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ മലപ്പുറം നേരിടുന്ന കടുത്ത പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം ജനസംഖ്യാനുപാതികമായി ഫണ്ടുകളും തസ്തികകളും അനുവദിക്കാത്തതാണെന്ന ആക്ഷേപം ശക്തമാണ്. വിഭജനം നടപ്പാക്കുന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പുതിയ മന്ത്രിസഭയുടെ രൂപീകരണത്തോടെ, ജില്ലയുടെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കാനും വികസനങ്ങൾക്ക് നേതൃത്വം നൽകാനും അതത് എംഎൽഎമാർക്കു പുറമെ അഞ്ച് കരുത്തരായ ജനപ്രതിനിധികളാണ് മുൻനിരയിലുള്ളത്. രാഷ്ട്രീയ തന്ത്രജ്ഞതയും ദീർഘവീക്ഷണവും വികസന പാരന്പര്യവും സമന്വയിക്കുന്ന ഈ അഞ്ചംഗ സംഘം മലപ്പുറത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.
ഇന്ന് സംസ്ഥാനത്ത് പുതിയ ബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ, മലപ്പുറം ജില്ല ഈ ബജറ്റിനെ ഭരണമാറ്റ പശ്ചാത്തലത്തിൽ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതും കാത്തിരിക്കുന്നതും. പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർക്കൊപ്പം തിരൂരിന്റെ മണ്ണിൽ നിന്ന് പോയി മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായ എൻ. ഷംസുദീനും ചേരുന്ന ജനനായകരുടെ സാന്നിധ്യം ജില്ലയ്ക്ക് പുതിയൊരു വികസന സുവർണ കാലഘട്ടത്തിന് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടോക്കണ് തുകകളുടെ രാഷ്ട്രീയവും കഴിഞ്ഞകാല വിവേചനവും
കഴിഞ്ഞ രണ്ട് ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് വികസന കാര്യങ്ങളിൽ മലപ്പുറം ജില്ലയോട് കാണിച്ച കടുത്ത വിവേചനമാണ് ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ പ്രധാനമായും ചർച്ചയാകുന്നത്. കഴിഞ്ഞ പത്തു വർഷത്തെ ബജറ്റുകൾ പരിശോധിച്ചാൽ മലപ്പുറത്തിന് അനുവദിച്ച ഫണ്ടുകളും പദ്ധതികളും വെറും പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നുവെന്ന് വ്യക്തമാകും. ജില്ലയിലെ പ്രധാനപ്പെട്ട പല വികസന പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയത് കേവലം "ടോക്കണ് തുക’ മാത്രമായിരുന്നു.
ലക്ഷങ്ങളും കോടികളും ചെലവ് വരുന്ന വലിയ പ്രോജക്ടുകൾക്ക് കേവലം 100 രൂപയോ 1000 രൂപയോ ടോക്കണ് തുകയായി കാണിച്ച് ഫയലുകളിൽ മാത്രം പദ്ധതികളെ ജീവനോടെ നിർത്തുന്ന തന്ത്രമാണ് കഴിഞ്ഞ സർക്കാരുകൾ സ്വീകരിച്ചത്. ജനസംഖ്യയിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലയായിട്ടും ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതുമൂലം അടിസ്ഥാന സൗകര്യ വികസനം, റോഡുകൾ, കുടിവെള്ള പദ്ധതികൾ എന്നിവ കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൂർണമായും മുരടിച്ച നിലയിലായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിമാരുടെ വരവ് ജില്ലയ്ക്ക് പ്രതീക്ഷ നൽകുന്നത്. കേവലം പേപ്പർ പ്രഖ്യാപനങ്ങൾക്കപ്പുറം ആവശ്യമായ ഫണ്ടുകൾ കൃത്യമായി അനുവദിച്ച് പദ്ധതികൾ യാഥാർഥ്യമാക്കാൻ ഇവരുടെ ഭരണപരമായ സ്വാധീനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
മലപ്പുറം കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങൾ
ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒട്ടേറെ മേഖലകളിലാണ് സമഗ്ര വികസനം ജില്ല പ്രതീക്ഷിക്കുന്നത്.
ആരോഗ്യ മേഖല
മഞ്ചേരി മെഡിക്കൽ കോളജ് അടക്കമുള്ള ജില്ലയിലെ പ്രധാന ചികിത്സാ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും വേഗത്തിലാക്കുക, അത്യാധുനിക സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക.
അതുപോലെ നിലന്പൂർ, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും വേഗമാക്കുക.മലപ്പുറം താലൂക്കാശുപത്രി നിർമാണം വേഗമാക്കുക തുടങ്ങിയവയിൽ ജനങ്ങൾ പ്രതീക്ഷയിലാണ്.
ടൂറിസം മേഖല
സമ്പന്നമാണ് ജില്ലയിലെ ടൂറിസം മേഖല. നിലന്പൂർ അടക്കമുള്ള പ്രദേശങ്ങളിൽവിപുലമായ സാധ്യത കാണുന്നു. കൂടാതെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം കേന്ദ്രം, കൊടികുത്തിമല, കേരളാകുണ്ട് വെള്ളച്ചാട്ടം, വിവിധ ബീച്ചുകൾ ഉൾപ്പടെയുള്ള ടൂറിസം മേഖലകളുടെ നവീകരണത്തിനായി പ്രത്യേക പദ്ധതികളും ഫണ്ടുകളും വകയിരുത്തുക.
അടിസ്ഥാന സൗകര്യം
മുൻകാലങ്ങളിലെപ്പോലെ "ടോക്കണ് തുക’ പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ കൃത്യമായ ഫണ്ട് അനുമതിയോടെ റോഡ്, പാലം, തീരദേശ വികസനം എന്നിവ യാഥാർഥ്യമാക്കുക.
വിദ്യാഭ്യാസം:
ഹയർ സെക്കൻഡറി സീറ്റുകളുടെ ദൗർലഭ്യം പരിഹരിക്കുക, പുതിയ സർക്കാർ കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുക. ജില്ലയിലെ വിദ്യാസന്പന്നരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി പുതിയ ഐടി ഹബ്ബ് യാഥാർഥ്യമാക്കുക. ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പ്രോജക്ടുകൾ ആവശ്യമാണ്. ഇതും ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന് കരുതാം.
കായികം:
കായികമേഖലയിൽ വളരെയധികം സാധ്യതയുള്ള മലപ്പുറം കൂടുതൽ വികസനം പ്രതീക്ഷിക്കുന്നു. അതുപോലെ മലപ്പുറത്ത് റവന്യൂടവർ, വിമൻസ് കോളജ് കെട്ടിടം, മിനി ഊട്ടി റോഡ് വികസനം എന്നിവ കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ ഇവ പരിഗണിക്കപ്പെട്ടില്ല. ജില്ലയിൽ കളിക്കളങ്ങൾ വിപുലീകരിക്കാൻ പദ്ധതിവേണമെന്നാണ് മറ്റൊരു ആവശ്യം.
പെരിന്തൽമണ്ണയിൽ സമർപ്പിച്ചത് 20 പദ്ധതികൾ
പെരിന്തൽമണ്ണ : പുതിയ ബജറ്റിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന് 240 കോടിയുടെ ബജറ്റ് നിർദേശം സമർപ്പിച്ചു. 20 പദ്ധതികൾക്കായാണ് ഇത്രയും തുക വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ വകയിരുത്താൻ നജീബ് കാന്തപുരം എംഎൽഎ നിർദേശം സമർപ്പിച്ചത്. നിർദേശത്തിൽ ഒന്നാം പരിഗണന നൽകിയതിൽ ഓരാടംപാലം- മാനത്തുമംഗലം ബൈപാസിന്റെ നിർമാണമാണ്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകുമെന്ന് ജനം പ്രതീക്ഷക്കുന്ന ഓരാടംപാലം-മാനത്തുമംഗലം ബൈപാസിനായി 80 കോടി രൂപയുടെ നിർദേശമാണ് എംഎൽഎ സമർപ്പിച്ചത്. മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാളികടവ് പാലം യാഥാർഥ്യമാക്കാൻ 17 കോടി രൂപയുടെ നിർദേശം സമർപ്പിച്ചു.
തൂതപ്പുഴയ്ക്ക് കുറുകെ ആലിപ്പറന്പ് പഞ്ചായത്തിനെയും ചെർപ്പുളശേരി നഗരസഭയെയും കൂട്ടിയിണക്കുന്ന കാളികടവ് പാലം പണിയാൻ 2016-ൽ നബാർഡ് 8.88 കോടി രൂപയുടെ ഭരണാനുമതി നൽകിയതാണ്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് സർവേ നടത്തി കണ്ടെത്തിയ 37 സെന്റ് ഭൂമി ഉടമകളിൽ നിന്നുംപൊന്നിൻ വില നൽകി ജനകീയ പാലം കമ്മിറ്റി ഏറ്റെടുക്കുകയും ഭൂമി സർക്കാരിലേക്ക് സൗജന്യമായി വിട്ടുനൽകുകയും ചെയ്തിരിക്കുകയാണ്.
റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി കെഎസ്ടിപി ലോകബാങ്കിന്റെ ധനസഹായത്തോടെ പണി പൂർത്തീകരിച്ച തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി 324 കോടി രൂപ ചെലവിൽ നവീകരിക്കുകയും പുതിയ പാലം നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായി വരുന്ന തൂത ആനമങ്ങാട് ഭാഗം, തൂത-മുണ്ടൂർ സംസ്ഥാനപാതയുടെ നിലവാരത്തിൽ
പുനരുദ്ധരിക്കരിണമെന്ന ആവശ്യം ഉയർന്നു.
ഇതിനായാണ് 10 കോടിയും ബജറ്റ് നിർദേശം നജീബ് കാന്തപുരം ആവശ്യപ്പെട്ടത്. രാമൻചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഭാഗത്ത് പള്ളത്ത്ക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജും വേണമെന്ന ആവശ്യവും ബജറ്റ് പ്രൊപ്പോസൽ ലിസ്റ്റിലുണ്ട്. ഇതിനായി 10 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Tags : Local News Nattuvishesham Malappuram