പോലീസ് നോക്കുകുത്തിയാകുന്നു
പോത്തൻകോട് : പോത്തൻകോട് ജംഗ്ഷനിലെ അപകട സാധ്യതാ മേഖലയിൽ മരാമത്ത് വകുപ്പ് സ്ഥാപിച്ച സുരക്ഷാവേലികൾ അറുത്തു മുറിച്ചു മാറ്റുന്നതു വ്യാപകമായതോടെ കാൽനടയാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ. പോത്തൻകോട് ജംഗ്ഷനിൽനിന്നും കാട്ടായിക്കോണം ഭാഗത്തേക്കു പോകുന്ന വൺവേ റോഡിലാണു സുരക്ഷാവേലി പലയിടങ്ങളിലായി അറുത്തു മാറ്റിയത്. തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാണു സുരക്ഷാവേലി സ്ഥാപിച്ചിരുന്നത്.
ജംഗ്ഷനിൽ പലയിടത്തായി സുരക്ഷാവേലി പൊളിച്ചു മാറ്റിയിട്ടും നടപടിയില്ല. ഇവിടെ അപകട സാധ്യതാ മേഖലയാണെന്നു സൂചന നൽകി പോലീസ് ബോർഡ് വച്ചിരിക്കുന്നതു കാണാം. ആരും പരാതി നൽകാത്തതിനാൽ നടപടി എടുക്കാനാകില്ലെന്നാണ് പോത്തൻകോട് പോസിന്റെ നിലപാട്. മരാമത്ത് റോഡ് ആയതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാനില്ലെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. വൺവേ റോഡിൽ പോ ലീസിന്റെ നോ പാർക്കിംഗ് ബോർഡിനു മുൻപിലാണ് വാഹനങ്ങൾ പാർക് ചെയ്യുന്നത്. നടപ്പാതയിൽ ഇരുചക്രവാഹനങ്ങളും കയറ്റിവച്ചിരിക്കുന്നു. പരസ്യമായ നിയമലംഘനം നടന്നിട്ടും നടപടി എടുക്കേണ്ട പോലീസിന് കുലുക്കമില്ല.
നടപ്പാതകൾ നിർമിക്കുന്നതോടൊപ്പം യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്ന അതിലെ തടസങ്ങൾ നീക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ബാധ്യതയും മരാമത്ത് വകുപ്പിനുണ്ട്. തൂങ്ങികിടക്കുന്ന കേബിളുകളും പരസ്യബോർഡുകളും പലപ്പോഴും നടപ്പാത യാത്ര പ്രയാസകരമാക്കുന്നു. മേലേമുക്ക് റോഡിൽ കടകൾക്കു മുൻപിലെ നടപ്പാതകളിൽ കയറ്റിയാണ് വാഹന ങ്ങൾ പാർക് ചെയ്യുന്നത്. റോഡിലെ അനധികൃത പാർക്കിം ഗ് കാരണം ജംഗ്ഷനിൽ ഗതാഗത കുരുക്കും രൂക്ഷമാണ്. ഇവിടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിയ്ക്കുന്നതും ആംബുൻസുകൾക്കുപോലും മുന്നോട്ട് പോകാൻ പറ്റാതെയാകുന്നതും പതിവാണ്.
ജംഗ്ഷനിലെ റോഡുകളിൽ കൈയേറ്റവും അനധികൃത പാർക്കിംഗും വ്യാപകമായതോടെ, കാൽനടയാത്ര അപകട ഭീഷണിയിലാണ്. നടക്കാൻ ഇടമില്ലാത്തതിനെ തുടർന്നു വാഹനങ്ങൾ ചീറിപായുന്നതിനിടയിലൂടെ നടക്കാൻ നിർബന്ധിതരാകുകയാണ് കാൽനട യാത്രക്കാർ. ജീവൻ കൈയിൽ പിടിച്ചാണ് ഓരോ കാൽനടയാത്രക്കാരും ജംഗ് ഷൻ കടന്നുപോകുന്നത്.