പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക അഭിവൃദ്ധി ലക്ഷ്യമിട്ട് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സിന്റെ ജില്ലാ സെലക്ഷൻ ക്യാമ്പ് ഒക്ടോബർ ഏഴിന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കായികരംഗത്ത് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അത്ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലായി എട്ട് മത്സര ഇനങ്ങളാണ് ക്യാമ്പിലുള്ളത്. ഇടുക്കി ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിൽനിന്നായി ഏകദേശം 250 കുട്ടികൾ സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കും.
ഒളിമ്പിക്സ് മാതൃകയിലാണ് സംസ്ഥാന സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത്. എംഎൽഎ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) ജില്ലാ നേതൃത്വം, വിവിധ ബിആർസികളിലെ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കും.